കോഴിക്കോട്: കൊളോണിയൽ സംസ്കാരം ഇപ്പോഴും പോലീസിൽ നിലനിൽക്കുന്നുണ്ടെന്നും അച്ചടക്ക നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടലാണ് സേനയിൽ നടക്കുന്നതെന്നും പലരും മാനസിക സമ്മർദം കാരണം അകാല മരണത്തിനിരയാകുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന പരാമർശങ്ങളുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെപിഒഎ) സംസ്ഥാന സമ്മേളന റിപ്പോർട്ട്.
വടകരയിൽ ഇന്നലെ ആരംഭിച്ച സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സേനയിലെ ഉള്ളുകളികളെക്കുറിച്ച് സൂചന നൽകുന്ന പരാമർശങ്ങളുള്ളത്.ചില ഉദ്യോഗസ്ഥർ ക്രൂരമായാണ് പെരുമാറുന്നത്. ചെറിയ വീഴ്ചയ്ക്കു പോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നത്. സ്വന്തം മേലുദ്യോഗസ്ഥനെ പോലും ഇക്കാര്യം ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
വകുപ്പുതല അന്വേഷണ സമയത്ത് പോലീസുദ്യോഗസ്ഥർ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനമാണ്. പല ജില്ലകളിലും പല രൂപത്തിലുള്ള ശിക്ഷണ നടപടിയാണ്.കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പ്രവീണിനു പത്തു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയത് വിവാദമാക്കിയത് വേദനാജനകമാണ്.
ഇതേത്തുടർന്ന് ജോലിക്കിടെ മരിച്ച ഏഴു ഉദ്യോഗസ്ഥർക്കുള്ള ധനസഹായം ഇനിയും ലഭിച്ചിട്ടില്ല. ജോലിഭാരം കാരണം പോലീസുകാർക്ക് കടുത്ത മാനസിക സമ്മർദമാണുള്ളത്. 56 വയസാകുന്നതിനു മുന്പ് പലരും മരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം കഴിയാൻ സമയം ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
റവന്യൂ മന്ത്രി കെ. രാജനാണ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് പതാക ഉയർത്തി.
സമാപന ദിവസമായ നാളെ രാവിലെ 10ന് ‘വളരുന്ന കേരളം; വളരേണ്ട പോലീസ്’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ നിയമമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ മെന്പർ കെ. ബൈജുനാഥ് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് മൂന്നിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ആർ. കേളു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാം, നോർത്ത് സോണ് ഐജി കെ. സേതുരാമൻ തുടങ്ങിയവർ പങ്കെടുക്കും.