തിരുവനന്തപുരം: മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പോലീസിലെ സായുധ വിഭാഗത്തിൽനിന്നു തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തിൽ പത്ത് പേർക്കെതിരേ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.
സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കമാൻഡന്റ് ഉൾപ്പെടെ പത്ത് പേർക്കെതിരേ കർശന നടപടി വേണമെന്നാണ് ഡിജിപി റിപ്പോർട്ട് ചെയ്തത്.
പോലീസ് സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ തോക്കും തിരകളും യാത്രയ്ക്കിടെ പുറത്തേക്കെറിഞ്ഞെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതേക്കുറി്ച്ച് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
ഗുരുതരമായ വീഴ്ചയാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കർശന നടപടി വേണമെന്നും കാട്ടിയാണ് ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്.