തിരുവനന്തപുരം: സാലറി ചലഞ്ചിനോട് വിസമ്മതം പ്രകടിപ്പിച്ച പോലീസുകാരോട് പ്രതികാര നടപടിയെന്ന് ആക്ഷേപം. ഒൻപത് പോലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. പേരൂർക്കട എസ്എപി ക്യാന്പിലെ 9 ഹവിൽദാർ തസ്തികയിലുള്ള പോലീസുകാരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഒൻപത് പേരും സാലറി ചലഞ്ചിനെതിരെ വിസമ്മതപത്രം നൽകിയിരുന്നു. ഇതാണ് പ്രതികാര നടപടിക്ക് കാരണമെന്നാണ് ആക്ഷേപം.
ഒൻപത് പേരെയും മലപ്പുറം പാണ്ടിക്കാട്ടേക്കാണ് സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സർവീസിൽ പരിശീലനം കഴിഞ്ഞ് പുതുതായി എത്തുന്ന പോലീസുകാരെയാണ് സാധാരണ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റുന്നത്. എന്നാൽ ഇവരെ സ്ഥലം മാറ്റിയതിന് പിന്നിൽ പോലീസ് അസോസിയേഷന്റെ പ്രതികാര നടപടിയാണെന്നാണ് ഉയരുന്ന ആരോപണം.
സാലറി ചലഞ്ചിനോട് വിസ്സമ്മതം അറിയിച്ചതിനു തൊട്ടുപിന്നാലെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. അതേസമയം മലപ്പുറം ക്യാന്പിലേക്ക് ജീവനക്കാരെ മാറ്റേണ്ട സമയമായതിനാൽ നടത്തിയ സ്ഥലംമാറ്റം മാത്രമാണിതെന്ന് ക്യാന്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
സാലറി ചലഞ്ചിനോട് കേരള പോലീസിൽ കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല. എസ്എപി ക്യാന്പിലെ പോലീസുകാരിൽ നല്ലൊരു ശതമാനവും സാലറി ചലഞ്ചിനോട് വിസ്സമ്മതം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. പോലീസുകാരെ ഏത് വിധേനയും സാലറി ചലഞ്ചിന്റെ ഭാഗമാക്കാനാണ് അസോസിയേഷൻ ഭാരവാഹികളും ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്നും പരാതിയുണ്ട്.
സാലറി ചലഞ്ചിനോട് സഹകരിക്കാത്തവർക്ക് സ്ഥലംമാറ്റുമെന്ന സന്ദേശം ഭീഷണിയിലൂടെ സാലറി പിടിച്ചുവാങ്ങുന്നതിന് തുല്യമാണെന്ന് പോലീസുകാർ ആരോപിക്കുന്നു.