കോഴിക്കോട് : പ്രളയദുരിതത്തിൽനിന്നു കരകയറും മുമ്പ് പോലീസില്‍ വൻതുക മുടക്കി യൂണിഫോം മാറ്റം വിവാദമാകുന്നു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനു വീര്യം കൂട്ടുകയെന്ന പേരിലാണ് കാക്കിയൂണിഫോമിനു പകരം പുതിയ യൂണിഫോം വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രളയം പോലുള്ള പ്രകൃതിക്ഷോഭത്തിനിടയിലെ രക്ഷാപ്രവര്‍ത്തനത്തിനും മറ്റു ദുരന്തമുഖങ്ങളിലും കായികമത്സരങ്ങള്‍ക്കിടയിലും പോലീസിനെ സമൂഹത്തില്‍നിന്നു വ്യത്യസ്തമാക്കുന്നതിനാണു പുതിയ വസ്ത്രത്തിലേക്കു മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, ഏതു കമ്പനിയുടെ വസ്ത്രം വാങ്ങണമെന്നോ ആര് വാങ്ങണമെന്നോ വ്യക്തമാക്കിയിട്ടില്ല. നവംബര്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരുത്തണമെന്നു ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കിയത്. വെള്ളമോ വിയര്‍പ്പോ ആയാല്‍ അത് എളുപ്പത്തില്‍ ഉണങ്ങും വിധത്തിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിക്കേണ്ടതെന്നാണു നിര്‍ദേശം.
സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ പോലീസിന്റെ വസ്ത്രം പരിഷ്കരിക്കുന്നതിനെതിരേ സേനയില്‍ത്തന്നെ അഭിപ്രായ ഭിന്നത ഉയര്‍ന്നിട്ടുണ്ട്. ആധുനിക ഉപകരണങ്ങള്‍ വാങ്ങാനായി ഡിജിപി അടുത്തിടെ ടെന്‍ഡര്‍ ക്ഷണിച്ചത് ഏറെ വിവാദമായിരുന്നു.
അതിനിടെയാണ് ഒരു അത്യാവശ്യവുമില്ലാതെ പോലീസിനു പ്രത്യേക യൂണിഫോം നടപ്പാക്കാൻ തീരുമാനിച്ചത്. മൂന്നു തരത്തിലുള്ള വസ്ത്രങ്ങളിലേക്കാണു പോലീസ് മാറുന്നത്. വെള്ളയും കറുപ്പും ഒലിവ് ഗ്രീനും നേവിബ്ലൂവും നേവിബ്ലൂവും ചുവപ്പും എന്നിങ്ങനെയാണ് പോലീസിന്റെ വസ്ത്രം നിഷ്കര്‍ഷിച്ചിരിക്കുന്നത്.
വെള്ളയും കറുപ്പും
വൃത്താകൃതിയിലുള്ള കഴുത്തോടുകൂടിയ ഹാഫ് സ്ലീവ് കടും കറുപ്പു നിറത്തിലുള്ള ടീഷര്‍ട്ട് . ടീഷര്‍ട്ടിന്റെ കഴുത്തു മുതല്‍ കൈയുടെ അറ്റം വരെ സീബ്രാലൈന്മാതൃകയില് നാലു വെള്ള നിറത്തിലുള്ള റിബണ്‍. ഒരു സെന്റിമീറ്ററാണ് ഇതിന്റെ അകലം. ടീഷര്‍ട്ടിന്റെ ഇടതുവശത്തു നെഞ്ചത്തായി കേരള പോലീസ് ചിഹ്നം പതിക്കണം. ഇതിന് ആറു സെന്റിമീറ്റര്‍ വ്യാസം വേണം.
കറുപ്പ് നിറത്തുള്ള ടീഷര്‍ട്ടില്‍ വെള്ള നിറത്തിലാവണം കേരള പോലീസ് എന്ന് എഴുതേണ്ടത്. ഷോര്‍ട്ട്സും ട്രാക്ക് പാന്റ്സും കടുംകറുപ്പ് നിറത്തിലായിരിക്കണം. ഇവയുടെ ഇരുവശത്തുമായി നാലു വെള്ള നിറത്തുള്ള റിബണുകള്‍ മുകളില്‍നിന്നു താഴെവരെ വേണം. ഇവ സീബ്രാലൈനുകള്‍ പോലുള്ളതാവണം.
ഒലിവ് ഗ്രീനും നേവി ബ്ലൂവും
വൃത്താകൃതിയിലുള്ള കഴുത്തോടു കൂടിയ ഹാഫ് സ്ലീവ് ഒലിവ് ഗ്രീന്‍ ടീഷര്‍ട്ട്. ടീഷര്‍ട്ടിന്റെ കഴുത്തു മുതല്‍ കൈയുടെ അറ്റം വരെ സീബ്രാലൈന്മാതൃകയില് നാലു കടും നേവിബ്ലൂ നിറത്തുള്ള റിബണ്‍ വേണം. ഒരു സെന്റിമീറ്ററാണ് ഇതിന്റെ അകലം.
ടീഷര്‍ട്ടിന്റെ ഇടതുവശത്തു നെഞ്ചത്തായി കേരള പോലീസ് ചിഹ്നം പതിക്കണം. ഇതിന് ആറു സെന്റിമീറ്റര്‍ വ്യാസം വേണം. ടീഷര്‍ട്ടില്‍ വെള്ള നിറത്തിലാവണം കേരള പോലീസ് എന്ന് എഴുതേണ്ടത്. ഷോര്‍ട്ട്സും ട്രാക്ക്പാന്റും ഒലീവ് ഗ്രീന്‍ നിറത്തിലാവണം. ഇവയുടെ ഇരുവശത്തുമായി കടും നേവി ബ്ലു നിറത്തിലുള്ള റിബണുകള്‍ മുകളില്‍നിന്നു താഴെവരെ വേണം. ഇവ സീബ്രാലൈനുകള്‍ പോലുള്ളതാവണം.
നേവി ബ്ലൂവും ചുവപ്പും
വൃത്താകൃതിയിലുള്ള കഴുത്തോടു കൂടിയ ഹാഫ് സ്ലീവ് കടും നേവി ബ്ല്യൂ നിറത്തിലുള്ള ടീ ഷര്‍ട്ട്. ടീഷര്‍ട്ടിന്റെ കഴുത്തു മുതല്‍ കൈയുടെ അറ്റം വരെ സീബ്രാലൈന്‍ മാതൃകയില്‍ നാലു കടും ചുവപ്പു നിറത്തിലുള്ള റിബണ്‍ വേണം. ഒരു സെന്റീമീറ്ററാണ് ഇതിന്റെ അകലം.
ടീഷര്‍ട്ടിന്റെ ഇടതുവശത്തു നെഞ്ചത്തായി കേരള പോലീസ് ചിഹ്നം പതിക്കണം. ഇതിന് ആറു സെന്റിമീറ്റര്‍ വ്യാസം വേണം. ടീഷര്‍ട്ടില്‍ വെള്ള നിറത്തിലാവണം കേരള പോലീസ് എന്ന് എഴുതേണ്ടത്. ഷോര്‍ട്ട്സും ട്രാക്ക്പാന്റും കടും നേവി ബ്ലൂ നിറത്തിലാവണം.
ഇവയുടെ ഇരുവശത്തുമായി കടും ചുവപ്പ് നിറത്തിലുള്ള റിബണുകള്‍ മുകളില്‍നിന്നു താഴെവരെ വേണം. ഇവ സീബ്രാലൈനുകള്‍ പോലുള്ളതാവണം. വിയര്‍പ്പ് പിടിക്കാത്തതോ അല്ലെങ്കില്‍ വെള്ളം പിടിക്കാത്തതോടെ ആയിരിക്കണം. വെള്ളമോ മറ്റൊആയാല് അത് എളുപ്പത്തില്‍ ഉണങ്ങും വിധത്തിലുള്ള തുണിയായിരിക്കണം.