തൃശൂർ: വിവിധതരം തട്ടിപ്പുകളെക്കുറിച്ച് കേരള പോലീസ് ഇപ്പോൾ നൽകുന്ന മുന്നറിയിപ്പുകൾ പതിവിൽനിന്നു വ്യത്യസ്തമാകുന്നു. ജനങ്ങളുടെ ശ്രദ്ധ പെട്ടെന്നു പിടിച്ചുപറ്റത്തക്ക രീതിയിലുള്ള ബോധവൽകരണ പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിലൂടെ പോലീസ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
കിടിലൻ എൻഫീൽഡ് ബുള്ളറ്റ് വില്പനയ്ക്ക് എന്നുപറഞ്ഞ് വാട്സാപ്പിൽ പ്രചരിച്ച ബോധവൽകരണ പോസ്റ്റർ വേറിട്ടതായി. 1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത എൻഫീൽഡ് ബുള്ളറ്റ് വില്പനയ്ക്ക് എന്ന പരസ്യം ചിത്രം സഹിതം ആണ് പോലീസ് കൊടുത്തിട്ടുള്ളത്.
ആദായ വില, സൈന്യത്തിൽനിന്നു നേരിട്ട് നിങ്ങൾക്ക് എന്ന മോഹിപ്പിക്കുന്ന പരസ്യവാചകം ചേർത്തിട്ടുണ്ട്.പോലീസ് എന്തിനാണ് ഇത്തരത്തിൽ പരസ്യം കൊടുക്കുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് തൊട്ടു താഴെയുള്ള വാചകം ശ്രദ്ധയിൽപ്പെടുക.
ഒഎഎൽഎക്സ് പോലുള്ള വില്പന സൈറ്റുകളിൽ പതിയിരുന്ന് ഇരകളെ തേടുന്ന സൈബർ തട്ടിപ്പുകാരുടെ ചതിയിൽ വീഴരുത് എന്ന മുന്നറിയിപ്പും ബോധവൽകരണവുമാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്.
നടൻമാരായ ദിലീപ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ എന്നിവർ പെൺ വേഷങ്ങളിൽ അഭിനയിച്ച സിനിമകളിലെ ചിത്രങ്ങൾ കൊളാഷ് ചെയ്തു ഉണ്ടാക്കിയ പോസ്റ്ററും കൗതുകമുണർത്തുന്ന മുന്നറിയിപ്പായി.
മോഹിനി ഗുപ്ത, കാമിനി ശർമ, ധനിക മിശ്ര എന്ന ടൈറ്റിലിലൂടെയാണ് ഈ മൂന്ന് ആൺ സുന്ദരിമാരെ അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ മുഖചിത്രം ഉപയോഗിച്ച് സൈബർ കുറ്റവാളികൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നുണ്ടെന്ന് മുന്നറിയിപ്പാണ് ഈ ചിത്രത്തിലൂടെ പോലീസ് നൽകുന്നത്.
അവരോടുള്ള ചങ്ങാത്തം നിങ്ങളുടെ ലൈംഗികതയെ ചൂഷണം ചെയ്യും. നഷ്ടപ്പെടുന്നത് പണം മാത്രമല്ല, അഭിമാനം, കുടുംബ ബന്ധങ്ങൾ എന്നിവ കൂടിയാണെന്നും പോലീസ് ഓർമപ്പെടുത്തുന്നു.
വൈദ്യുതി പോസ്റ്റിനുമേൽ കയറിയിരിക്കുന്ന നടൻ മച്ചാൻ വർഗീസിന്റെ മീശ മാധവൻ എന്ന സിനിമയിലെ പ്രശസ്തമായ കഥാപാത്രത്തെ ഉപയോഗപ്പെടുത്തിയും പോസ്റ്റർ ഇറക്കിയിട്ടുണ്ട്.
ഇന്നു രാത്രി നിങ്ങളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കും എന്ന വ്യാജ അറിയിപ്പിനെ കുറിച്ചുള്ളതാണ് ഈ പോസ്റ്റർ. കഴിഞ്ഞ മാ
സത്തെ ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം ഇന്ന് രാത്രി 9.30ന് വിച്ഛേദിക്കുമെന്നും ഉടൻ താഴെക്കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക എന്നുമുള്ള വ്യാജ അറിയിപ്പിനെ സൂക്ഷിക്കണം എന്നാണ് മുന്നറിയിപ്പ്.
ഇത്തരം സന്ദേശങ്ങൾ കെഎസ്ഇബി അയക്കുകയില്ലെന്നും ഇലക്ട്രിസിറ്റി ഓഫീസിൽ ഇരുന്നുകൊണ്ട് നിങ്ങളുടെ മാത്രം വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ആവില്ലെന്നും സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്നും പോലീസ് ഓർമിപ്പിക്കുന്നു.
വൈവിധ്യമാർന്ന പോസ്റ്ററുകൾ ഇനിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വരും ദിവസങ്ങളിൽ ഇവയും ജനമധ്യത്തിലേക്കെത്തും.