പി.എസ്.സി സിവില്‍ പോലീസ് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥി ചോദ്യക്കടലാസില്‍ എഴുതിയ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കടുപ്പമുള്ള ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചതിനെ ട്രോളിക്കൊണ്ടുള്ള കവിത കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.
ഇത്രയും ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിക്കയറിയവരാണ് പോലീസ് എന്ന് അറിഞ്ഞിരുന്നില്ലെന്നും ഇനിയൊരിക്കലും പോലീസുകാരെ കുറ്റം പറയില്ലെന്നും പറയുന്ന കവിത ചോദ്യമിട്ടവരെ കണക്കിന് ട്രോളുന്നുമുണ്ട്.
സംഗതി രസകരമായതിനാലാണു പങ്കുവയ്ക്കുന്നതെന്നും എഴുതിയ ആളെ അറിയാമെങ്കില്‍ ‘മെന്‍ഷന്‍’ ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പോലീസ് കവിത ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത് കണ്ടിട്ട് ആരും കവിത എഴുതി ഇങ്ങോട്ടു അയക്കരുതെന്നും പോലീസ് ആവശ്യപ്പെടുന്നുണ്ട്.
സിവില്‍ പോലീസ് ഓഫിസര്‍, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയില്‍ മാറ്റിവെച്ച പരീക്ഷ ഞായറാഴ്ചയാണ് നടന്നത്. 2203 കേന്ദ്രങ്ങളില്‍ 5.25 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയ പരീക്ഷാകേന്ദ്രം തിരുവനന്തപുരം ജില്ലയിലായിരുന്നു; 415. ജില്ലയില്‍ 1,00,154 പേര്‍ പരീക്ഷ എഴുതി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
(പ്രത്യേക അറിയിപ്പ്: ഇത് കണ്ടിട്ട് ആരും കവിത എഴുതി ഇങ്ങോട്ടു അയക്കരുത്..പ്ലീസ്..)
പി.എസ്.സി. കവിത.
മിഴികള്‍ നിറയുന്നു
കൈകള്‍ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു
അറിഞ്ഞിരുന്നില്ല ഞാന്‍
പോലീസുകാര്‍ക്കിത്ര
അറിവുണ്ടെന്ന സത്യമേതും
ചോദ്യക്കടലാസു കൈകളില്‍
തന്നൊരു സാറിനും ശത്രുവിന്‍ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ
ഞാന്‍ കുറ്റമൊട്ടും പറയുകയില്ല.
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം
എഴുതിക്കയറിയവരാണ് പോലീസ്.
ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു
എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോല്‍
‘കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി’