കൊച്ചി: ബ്യൂട്ടി പാര്ലര് വെടിവെപ്പ് കേസില് ഇന്റര്പോളിന് കത്തയയ്ച്ച് സംസ്ഥാന പോലീസ്. സിബിഐ മുഖേനയാണ് കത്ത് നല്കിയത്. രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിക്കണമെന്നാവശ്യപ്പെട്ടാണ് പോലീസിന്റെ കത്ത്. ഇത് രണ്ടാം തവണയാണ് ബ്യൂട്ടിപാര്ലര് കേസില് പോലീസ് ഇന്റര്പോളിന് കത്തയക്കുന്നത്. ഓസ്ട്രേലിയയില് നിന്നാണെന്ന് പറഞ്ഞ് ലീനാ മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ രവി പൂജാരിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു അദ്യം കത്തു നല്കിയത്.
ഇപ്പോള് ഏതു കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്, ഏത് സംസ്ഥാത്തിന്റെ ആവശ്യ പ്രകാരമാണ് അറസ്റ്റ് ചെയ്തത്, എന്നാണ് ഇന്ത്യയിലെത്തിക്കുക തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന പൊലീസ് കത്തിലൂടെ ചോദിച്ചിരിക്കുന്നത്.
ഉഡുപ്പിയില് ജനിച്ച രവി പൂജാരി ആഫ്രിക്കന് രാജ്യമായ സെനഗലിലാണെന്ന വിവരം ആദ്യം പുറത്തുവിട്ടത് കര്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയായിരുന്നു. പൂജാരി ഒളിവില് കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗല് എംബസിക്ക് വിവരങ്ങള് കൈമാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കേരളമുള്പ്പെടെ വിവിധ സംസ്ഥാനങ്ങളില് ഇയാള്ക്കെതിരെ അറുപതിലധികം ക്രിമിനല് കേസുകളുണ്ട്. സെനഗലില് ആന്റണി ഫെര്ണാണ്ടസ് എന്ന കള്ളപ്പേരിലാണ് രവി പൂജാരി താമസിച്ചിരുന്നത്.