നവാസ് മേത്തര്‍
തലശേരി: വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം വിദേശ രാജ്യങ്ങളിലേക്ക് കടന്ന കുറ്റവാളികളെ അതാത് രാജ്യങ്ങളില്‍ നിന്ന് പിടികൂടാന്‍ സൂപ്പര്‍ ആക്ഷന്‍ പ്രോഗ്രാമുമായി പോലീസ് രംഗത്ത്.
നോര്‍ത്ത് സോണ്‍ ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ കോഴിക്കോട്, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ പോലീസ് ജില്ലകളിലെ എസ്ഐ മുതല്‍ ഡിവൈഎസ്പിവരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച വിദഗ്ധ പരിശീലനം കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് ആസ്ഥാനത്ത് നല്കി.
ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘമാണ് പരിശീലനം നല്കിട്ടുള്ളത്. കേസില്‍ ഉള്‍പ്പെട്ട ശേഷം പ്രതികള്‍ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്ന് നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം വിലയിരുത്തിയാണ് പുതിയ നീക്കവുമായി പോലീസ് രംഗത്തെത്തിയിട്ടുള്ളത്.
കുറ്റകൃത്യത്തിലേര്‍പ്പെട്ട ശേഷം വിദേശ രാജ്യങ്ങളില്‍ സുഖമായി കഴിയുന്ന എല്ലാ പ്രതികളേയും രാജ്യത്തേക്ക് മടക്കി കൊണ്ടു വന്ന് നിയമത്തിനു മുന്നില്‍ ഹാജരാക്കാനുള്ള സമഗ്ര പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന ഐജി മഹിപാല്‍ യാദവ് രാഷ്ട്രദീപികയോട് പറഞ്ഞു.
ലോകത്തെ 200 രാജ്യങ്ങളുമായിട്ടാണ് ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ധാരണയായിട്ടുള്ളത്. കുറ്റവാളികളുടെ വിശദ വിവരങ്ങള്‍ ഇന്റർപോള്‍ വഴി ഓരോ രാജ്യത്തിനും കൈമാറുക. കേരള പോലീസ് ഇന്റർപോള്‍ വഴി പുറപ്പെടുവിക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് ഓരോ രാജ്യങ്ങളിലുമെത്തുന്നതോടെ ഇത്തരത്തില്‍ പെട്ടവര്‍ ഈ രാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടാല്‍ ഉടന്‍ പിടി വീഴും. കൂടാതെ 200 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും പ്രതികളുടെ വിശദ വിവരങ്ങളുണ്ടാകും.
വ്യജപാസ്പോര്ട്ട് നിര്‍മ്മിക്കല്‍, പീഡനം, വീസ തട്ടിപ്പ് തുടങ്ങിയ കേസുകളില്‍പെട്ട നിരവധി പേരാണ് അറബ്-യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ സുഖമായി കഴിഞ്ഞു വരുന്നത്. ഇവരെ റെഡ് കോര്‍ണര്‍ നോട്ടീസ് വഴി പിടികൂടിയ ശേഷം ഓരോ രാജ്യത്തിന്റെയും നിയമമനുസരിച്ച് നാട്ടിലേക്ക് കൊണ്ടു വരുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കോടതിക്ക് മുന്നിലെത്തിക്കാനാണ് നീക്കം നടത്തിയിട്ടുള്ളത്.
39 രാജ്യങ്ങളില്‍ പ്രതികളെ പിടികൂടിയാല്‍ ഉടന്‍ കൈമാറാന്‍ ഉടമ്പടിയുണ്ട്. 42 രാജ്യങ്ങളില്‍ കുറ്റവാളികളെ പിടികൂടിയ ശേഷം അവിടത്തെ കോടതിയില്‍ കുറ്റകൃത്യം നടന്ന രാജ്യത്തേക്ക് കൊണ്ട് വരുന്നത് സംബന്ധിച്ച് വാദങ്ങള്‍ക്കു ശേഷമാണ് പ്രതികളെ വിട്ടു തരിക.
അഞ്ചുജില്ലകളിലേയും കുറ്റകൃത്യങ്ങളില്‍പെട്ട പ്രതികള്‍ ഏതൊക്കെ രാജ്യങ്ങളിലാണ് ഒളിവില്‍ കഴിയുന്നതെന്ന് വിശദമായ വിവരങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ഇതിനകം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്ആരംഭിച്ചിട്ടുള്ളത്. ലോക്കല്‍ പോലീസ് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചാണ് പോലീസ് കോര്പറേഷന് സെല്‍ വഴി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
കുറ്റകൃത്യങ്ങള്‍ക്കു ശേഷം നാട്ടില്‍ നിന്ന് ഒരു രാജ്യത്തേക്ക് പോകുകയും ഇവിടെ നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറുകയും ചെയ്യുന്ന പ്രതികളെ പിന്തുടര്ന്ന് പിടികൂടാനുള്ള രഹസ്യ പദ്ധതിക്കും പോലീസ് രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ വ്യാജപാസ്പര്ട്ടില് രാജ്യം കടന്നിട്ടുള്ളവരേയും പോലീസ് നിരീക്ഷിച്ച് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ടാണ് ഇന്റർപോള്‍ വഴി കൈമാറുന്നത്.
കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് ശേഷം വിദേശത്തേക്ക് കടന്നിട്ടുള്ള പ്രതികള്‍ ഏറ്റവും കൂടുതലുള്ളത് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് പോലീസ് നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായിട്ടുണ്ട്. അറബ് രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ കൂടുതല്‍ ആളുകളും കടന്നിട്ടുള്ളത്.
വര്‍ഷങ്ങളായി പിടികിട്ടാപ്പുള്ളികളായ അറബ് രാജ്യങ്ങളില്‍ കഴിയുന്ന 150 പേരുടെ ലിസ്റ്റും പോലീസ് പ്രത്യേകം തയാറാക്കിയിട്ടുണ്ട്. കോടതികളില്‍ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. കുറ്റം ചെയ്ത ശേഷം വിദേശത്തേക്ക് കടന്ന് രക്ഷപെടാമെന്ന് ആരും കരുതേണ്ടെന്നും ഇത്തരത്തില്‍ പോയവരെയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പിടികൂടി കേരളത്തിലെത്തിക്കുമെന്നും ഐജി മഹിപാല്‍ യാദവ് വ്യക്തമാക്കി.