കൊച്ചി: അമിത ജോലിഭാരവും ലീവ് കിട്ടാന്‍ മേലുദ്യോഗസ്ഥന്റെ കാലുപിടിക്കേണ്ട അവസ്ഥയും വന്നതോടെ കേരള പോലീസിലെ 2020 ബാച്ച് മുതലുള്ള സബ് ഇന്‍സ്പെക്ടര്‍മാര്‍ ജോലി വിട്ടുപോകുന്നു. 2020 ബാച്ചിലെയും നിലവില്‍ എസ്ഐ ട്രെയിനിംഗ് നടക്കുന്ന ബാച്ചിലെയും ഉള്‍പ്പെടെ 40 ഓളം പേരാണ് ഇതിനകം ജോലിവിട്ടത്.
2020ല്‍ ടെസ്റ്റ് പാസായി 2022ല്‍ പാസിംഗ് ഔട്ട് നടത്തിയ 30സി ബാച്ചില്‍നിന്ന് 14 പേരാണ് എസ്ഐ ജോലി ഉപേക്ഷിച്ചത്. ചില ഉദ്യോഗസ്ഥര്‍ അഞ്ച് വര്‍ഷത്തേക്ക് നീണ്ട അവധിക്ക് അപേക്ഷ നല്‍കിയിട്ടുമുണ്ട്. ഇതില്‍ ഏഴു പേര് എക്സൈസ് വിഭാഗത്തിലേക്ക് മൂന്നു പേര് മുമ്പ് ജോലി ചെയ്തിരുന്ന വകുപ്പുകളിലേക്കും ഒരാള്‍ പുതിയ ജോലിയിലുമാണ് പ്രവേശിച്ചത്.
163 പേരാണ് ഈ ബാച്ചില്‍ ഉണ്ടായിരുന്നത്. നിലവില്‍ എസ്ഐ ട്രെയിനിംഗിലുള്ള 20 പേര് മറ്റ് ജോലികള്‍ കിട്ടിപോയി. പത്തോളം പേര് ജോലി വിട്ടുപോകാനായി അപേക്ഷ നല്‍കിയിട്ടുമുണ്ട്. പരിശീലനം പൂര്‍ത്തിയാകാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കിയാണ് ഇവര്‍ പോകുന്നത്.
പുതിയ ജോലിക്ക് എസ്ഐ പോസ്റ്റിനെക്കാള്‍ ശമ്പളം കുറവും വീണ്ടും ട്രെയിനിംഗ് വേണമെന്നുമിരിക്കെ മാനസിക സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്യേണ്ടിവരില്ലല്ലോയെന്നാണ് എസ്ഐമാര്‍ പറയുന്നത്.അമിതജോലി ഭാരവും വിശ്രമമില്ലായ്മയുമാണ് ഏറെ ഗ്ലാമറസായ സബ് ഇന്‍സ്പെക്ടര്‍ ജോലി ഉപേക്ഷിക്കാന്‍ പലരെയും നിര്‍ബന്ധിതമാക്കുന്നത്.
രാവിലെ 7.30 ഓടെ ഡ്യൂട്ടിക്കായി പോലീസ് സ്റ്റേഷനില്‍ എത്തുന്ന എസ്ഐമാരില്‍ പലരും തിരിച്ചുപോകുമ്പോള്‍ രാത്രി 11 ആകും. 24 മണിക്കൂര്‍ ജോലി ചെയ്താല്‍ 24 മണിക്കൂര്‍ റെസ്റ്റ് വേണമെന്ന ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കേ, നൈറ്റ് ഓഫ് പോലും ലഭിക്കുന്നില്ലെന്നാണ് എസ്ഐമാര്‍ പറയുന്നത്. കേസുകള്‍ കൂടുതലുള്ള പ്രധാന സ്റ്റേഷനുകളിലെ എസ്ഐമാരുടെ അവസ്ഥയാണ് പരിതാപകരം.
പ്രമോഷന്റെ കാര്യവും വ്യത്യസ്തമല്ല. സിപിഒ തസ്തികകളിലുള്ള പോലീസുകാര്‍ക്ക് സര്‍വീസില്‍നിന്ന് വിരമിക്കുന്ന സമയത്ത് എസ്സിപിഒ, എഎസ്ഐ, എസ്ഐ എന്നിങ്ങനെ മൂന്ന് പ്രമോഷന് ലഭിക്കും. എന്നാല്‍ ഒരു ഡയറക്ട് എസ്ഐയ്ക്ക് ഇന്‍സ്പെക്ടര്‍, ഡിവൈഎസ്പി എന്നിങ്ങനെ രണ്ട് പ്രമോഷന് മാത്രമമേ ലഭിക്കുന്നുള്ളൂ. 2007 ബാച്ച് ഡയറക്ട് എസ്ഐമാര്‍ക്ക് ഇന്‍സ്പെക്ടര്‍ ആകാന്‍ 13 വര്‍ഷം കാത്തിരിക്കേണ്ടിവന്നു എന്നതും വിസ്മരിച്ചുകൂടാ.
തങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത ജോലിയല്ല എസ്ഐ പണി. പക്ഷേ ആവശ്യത്തിന് വിശ്രമം ലഭിക്കാതെ മാനസിക സമ്മര്‍ദവും ആരോഗ്യപ്രശ്നങ്ങളുമാണ് ഈ ജോലി വിട്ടുപോകാന്‍ കാരണമെന്നാണ് മറ്റ് ജോലികളിലേക്ക് പോയ ഉദ്യോഗസ്ഥര്‍ പറയുന്നത്. ടൈം ഷെഡ്യൂള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നുണ്ട്. ലീവിനായി മേല്‍ ഉദ്യോഗസ്ഥന്റെ കാലുപിടിക്കേണ്ട അവസ്ഥയുമുണ്ട്.
കുടുംബത്തിലെ എന്തെങ്കിലും ആവശ്യത്തിനായി ലീവിനോ, പെര്‍മിഷനോ വേണ്ടി മേല്ലുദ്യോഗസ്ഥനെ സമീപിക്കുമ്പോള്‍ കഴിഞ്ഞയാഴ്ച ലീവെടുത്തതല്ലേ, ഇപ്പോള്‍ ലീവ് എന്തിനാണ് എന്നു ചോദിക്കുന്നവരും വിരളമല്ലെന്ന് എസ്ഐമാര്‍ പറയുന്നു. സ്വന്തം ജില്ലയില്‍ പോസ്റ്റ് പാടില്ലെന്ന ഉത്തരവുമുണ്ട്. മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിലും ഈ ദുരവസ്ഥ ഇല്ലെന്നാണ് എസ്ഐമാരുടെ പക്ഷം.
അടുത്തിടെ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനായി എസ്ഐമാര്‍ക്ക് ക്ലാസ് നല്‍കുന്നതിനിടെ സ്വന്തം മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ ഭാര്യയ്ക്കോ അസുഖം വന്നാല്‍ ലീവ് കിട്ടാതെ വരുമ്പോള്‍ എങ്ങനെ സ്ട്രെസ് കുറക്കാനാകുമെന്നുള്ള ഒരു എസ്ഐയുടെ ചോദ്യത്തിന് മേലുദ്യോഗസ്ഥര്‍ക്ക് ഉത്തരമില്ലായിരുന്നു. മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന പല എസ്ഐമാരും രണ്ടും മൂന്നും ആഴ്ചകള്‍ കൂടുമ്പോഴാണ് വീട്ടില്‍ പോകുന്നത്. ജോലിഭാരം കൂടുന്നതും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാതെ വരുന്നതും പല ഉദ്യോഗസ്ഥരെയും മാനസിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
സീമ മോഹന്‍ലാല്‍