കോഴിക്കോട് : മാതൃഭാഷയ്ക്കു പുറമേ സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ ഇനി ഹിന്ദിയും പഠിക്കണം. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കുന്നതിനായാണ് പോലീസ് ഹിന്ദിയും പഠിക്കുന്നത്. ഹിന്ദിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ ടൂറിസം പോലീസിന് പരിശീലനം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി.
വിനോദസഞ്ചാര മേഖലയെ ആകര്‍ഷിപ്പിക്കുന്നതിനായി ടൂറിസം മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 49 ടൂറിസ്റ്റ് സുരക്ഷാസഹായ കേന്ദ്രങ്ങള്‍ രൂപീകരിച്ചു. ആറ് കേന്ദ്രങ്ങള്‍ കൂടി ഉടന്‍ ആരംഭിക്കും. ടൂറിസം പോലീസിന്റേയും ലോക്കല്‍ പോലീസിന്റേയും സഹകരണത്തോടെയാണ് സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അടുത്ത ലോക ടൂറിസം ദിനം വരെയുള്ള ഒരു വര്‍ഷം വിനോദ സഞ്ചാരികളുടെ സുരക്ഷ ലക്ഷ്യമാക്കി വിവിധ പരിപാടികളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ടൂറിസം സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കും.
ഇതുവഴി വിനോദസഞ്ചാരികള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപയോഗിക്കാവുന്ന വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാന്‍ ആപ്പ് സഹായിക്കും. വിദേശ വിനോദസഞ്ചാരികള്‍ക്ക് എന്നപോലെ രാജ്യത്തിനകത്തു നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും ടൂറിസം പോലീസിന്റെ സേവനം ഉപയോഗപ്പെടുത്താം.
ഇതിനു വേണ്ടിയാണ് ഹിന്ദിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ പഠിപ്പിക്കുന്നത്. ഇതിനു പുറമേ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പോലീസ് മ്യൂസിയവും സ്ഥാപിക്കാനാണുദ്യേശിക്കുന്നത്.