തിരുവനന്തപുരം: കേരള പോലീസിൽ പോലീസുകാരുടെ ആത്മഹത്യകൾക്ക് കാരണം അമിത ജോലിഭാരവും മാനസിക പിരിമുറുക്കങ്ങളും. ആത്മഹത്യകൾ കുറയ്ക്കാൻ ആഭ്യന്തരവകുപ്പ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഒൻപത് മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ ഉത്തരവിട്ടു.
ജോലിഭാരത്തെ തുടർന്ന് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പോലീസുകാരുടെ പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള വേദിയ്ക്കായി മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തണം.
ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ചികിത്സ നൽകാൻ നടപടി സ്വീകരിക്കണം, ആഴ്ചയിലൊരിക്കലുള്ള അവധിയും അനുവദനീയമായ അവധികളും അനുവദിക്കണം, മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നും നല്ല പിന്തുണ ഉറപ്പ് വരുത്തണം, കൗണ്‍സിലിംഗ് നൽകണം.
ഇതിനായി കൗണ്‍സിലിംഗ് സെന്ററുകൾ സജ്ജമാക്കണം, മാനസിക ഉല്ലാസത്തിനും പിരിമുറുക്കം മാറ്റാനും യോഗ പരിശീലനം നൽകണം എന്നി നിർദേശങ്ങൾ നടപ്പിലാക്കണമെന്നാണ് ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവി ഡോ. ഷേക്ക് ദർബേഷ് സാഹേബിന് നൽകിയിരിക്കുന്ന ഉത്തരവ്.
പോലീസുകാരുടെ ആത്മഹത്യ പെരുകുന്നത് വാർത്തയായതോടെയാണ് ആഭ്യന്തര അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ 2019 മുതൽ 2023 വരെയുള്ള കാലയളവിൽ 69 പേർ ആത്മഹത്യ ചെയ്തതായി കണ്ടെത്തി.
ജോലി ഭാരവും മാനസിക പിരിമുറുക്കവും സാന്പത്തിക ബാധ്യതകളും രോഗങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കണ്ടെത്തിയത്.
ഈ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. തുടർന്നാണ് ആത്മഹത്യകൾ കുറയ്ക്കാനായി ഒൻപത് നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് വ്യക്തമാക്കി ആഭ്യന്തരവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചത്.