സ്വന്തം ലേഖിക
കൊച്ചി: സൈബർ കുറ്റകൃത്യങ്ങളെയും മറ്റു ലൈംഗിക ചൂഷണങ്ങളെയും അതിജീവിച്ച കുട്ടികൾക്ക് കൈത്താങ്ങായി ‘കൂട്ട്’ ഒരുങ്ങുന്നു.
കേരള പോലീസിന്റെ സൈബർ ഡോം, ബച്ച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ചേർന്നാണ് ലൈംഗിക ചൂഷണത്തിന് വിധേയരായ കുട്ടികൾക്ക് വേണ്ടി പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങളെയും മറ്റു ലൈംഗിക ചൂഷണങ്ങളെയും അതിജീവിച്ച കുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ഇത് പ്രവർത്തിക്കുന്നത്.
ലൈംഗിക അതിക്രമത്തിന് വിധേയമായ കുട്ടികൾക്ക് പ്രീ ട്രയൽ കൗണ്‍സിലിംഗ് നൽകും. കുട്ടികൾക്കു നേരിട്ടിട്ടുള്ള ലൈംഗിക അതിക്രമത്തിൽനിന്ന് അതിജീവിക്കാനും വിചാരണ സമയം ആത്മധൈര്യത്തോടെ നേരിടാനും പദ്ധതി സഹാകമാകും.
കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണയും കൂട്ടിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഇതിലേക്കായി കുട്ടിയുടെ പഠന പുരോഗതി ഉറപ്പുവരുത്തുക, കുട്ടിയുടെ സാമൂഹിക പുനരധിവാസം ഉറപ്പുവരുത്തുക, അതിജീവിതർക്കായിട്ടുള്ള സർക്കാരിൽനിന്നുള്ള പലവിധ സാന്പത്തിക സഹായങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുക എന്നീ പ്രവർത്തനങ്ങളും ഉണ്ടാകും.
സൗജന്യമായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ധരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സേവനമാണ് അതിജീവിതർക്ക് ലഭ്യമാകുന്നത്.
കുട്ടികളുടെയും കുടുംബത്തിന്റെയും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി അവരുടെ അവകാശങ്ങളെ ഒരു തരത്തിലും ലംഘിക്കാതെ ഏറ്റവും അനുയോജ്യമായ പുനരധിവാസം ഉറപ്പു വരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലുള്ള ‘കൂട്ട്’ കൗണ്‍സലിംഗ് സെന്ററിന്റെ ഉദ്ഘാടനം 13ന് വൈകുന്നേരം നാലിന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് -2 ലെ ‘കൂട്ട്’ കൗണ്‍സലിംഗ് സെന്ററിൽ സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ നിർവഹിക്കും.