കോട്ടയം: തെരഞ്ഞെടുപ്പിനു മുമ്പു മുഖം മിനുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി പോലീസ് സേനയില്‍ വന്‍ അഴിച്ചുപണി. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ട പോലീസ് സേനയെ നവീകരിക്കുകയാണ് ആദ്യ പടി. ഇതിന്റെ ഭാഗമായി ജില്ലയില്‍നിന്ന് എട്ടു ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി ഉത്തരവായി. കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിനെ അമ്പലപ്പുഴയ്ക്കു മാറ്റിയപ്പോള്‍ മുനമ്പത്തുനിന്നു സ്ഥലം മാറിയെത്തുന്ന എം.കെ. മുരളിയാണ് പുതിയ ഡിവൈഎസ്പി.
തൊടുപുഴയില്‍നിന്ന് ഇമ്മാനുവല്‍ പോളിനെ വൈക്കം ഡിവൈഎസ്പിയായും നിയമിച്ചു. പാലാ ഡിവൈഎസ്പി എ.ജെ. തോമസിനെ മുവാറ്റുപുഴയിലേക്കു മാറ്റിയപ്പോള്‍ ഇടുക്കി ക്രൈം ബ്രാഞ്ചില്‍ നിന്നുമെത്തുന്ന കെ. സദനെയാണ് പാലായിൽ നിയമിച്ചിരിക്കുന്നത്. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥനെ പുത്തന്കുരിശിലേക്കു മാറ്റിയപ്പോള്‍ എറണാകുളം റൂറലില്‍നിന്ന് സജി മാര്‍ക്കോസിനെയാണ് ചങ്ങനാശേരിയില്‍ നിയമിച്ചിരിക്കുന്നത്.
കോട്ടയം സപെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസിനെ ഇടുക്കി ഡിവൈഎസ്പിയായി നിയമിച്ചപ്പോള്‍ തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി.ടി. റാഷിദിനെയാണ് കോട്ടയം സ്പെഷല്‍ ബ്രാഞ്ചിലേക്ക് നിയമിച്ചത്.
കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരായ എസ്. അമ്മിണിക്കുട്ടനെ നെയ്യാറ്റിന്‍കരയിലേക്കും ടി.എം. വര്‍ഗീസിനെ തൃക്കാക്കരയിലേക്കും മാറ്റിയപ്പോള്‍ ഇടുക്കി നാര്‍കോട്ടിക് സെല്ലില്‍നിന്ന് മാത്യു ജോര്‍ജിനെ കോട്ടയം ക്രൈം ബ്രാഞ്ചിലേക്കും നിയമിച്ചു.
കോട്ടയം ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി അനീഷ് വി. കോരയെയും കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍ ഡിവൈഎസ്പിയായി പ്രമോഷന് ലഭിക്കുകയും അദേഹത്തെ ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പിയായി നിയമിക്കുകയും ചെയ്തു.