ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍, സംസ്ഥാന പോലീസിനെതിരെ പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണത്തെ പൊളിച്ചടക്കി കേരള പോലീസിന്റെ ട്രോള്‍ വീഡിയോ.
ശബരിമലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കാന്‍ പോലീസ് വേഷത്തില്‍ എത്തിയ സി.പി.ഐ.എം പ്രവര്‍ത്തകര്‍ എന്ന പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച ചിത്രമടക്കം ഓരോന്നായി പൊളിച്ചടക്കുന്നതാണ് വീഡിയോ. പെന്മസാല എന്ന സിനിമയിലെ അഭിനേതാക്കളെയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ എന്ന വ്യാജേന പ്രചരിപ്പിച്ചതെന്നാണ് ട്രോള്‍ വീഡിയോയിലൂടെ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
നിലയ്ക്കലില്‍ പോലീസ് വേഷത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് നുഴഞ്ഞ് കയറി അക്രമം നടത്തി എന്ന പ്രചരണവും തെളിവുകള്‍ നിരത്തി കേരള പോലീസിന്റെ ഒഫീഷ്യല്‍ പേജ് പുറത്ത് വിട്ട വീഡിയോയില്‍ പൊളിച്ചടക്കുന്നുണ്ട്. തെലുങ്ക് നടന് സമ്പൂര്‍ണേഷ് ബാബുവിന്റെ ചിത്രമുപയോഗിച്ചാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി.
സിനിമയിലെ കോമഡി രംഗങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ വീഡിയോയ്ക്ക് ഇതിനകം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് നേരത്തേയും ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് പോലീസ് മറുപടി പറയേണ്ടതില്ലെന്ന് പലരും കമന്റ് ചെയ്യുമ്പോള്‍ ഇതിന്റെ പേരില്‍ പോലീസ് കേള്‍ക്കുന്ന പഴി ചെറുതൊന്നുമല്ലെന്നാണ് പോലീസ് നല്കുന്ന മറുപടി.