തിരുവനന്തപുരം: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർ ഇപ്പോൾ വിദേശത്താണ് താമസിക്കുന്നതെങ്കിൽ അവർക്ക് ഇ -മെയിൽ വഴി അപേക്ഷ നൽകാം. കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റി (www.kerala poli ce.gov.in) ൽ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട എസ്എച്ച്ഒ ക്ക് ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന് നാട്ടിലുള്ള ഏതെങ്കിലും വ്യക്തിയെ / ബന്ധുവിനെ അധികാരപ്പെടുത്തിയ കത്തും ഉൾപ്പെടെ ഇ-മെയിലായി അപേക്ഷിക്കാം.
കേരള പോലീസിന്റെ വെബ്സൈറ്റിലും കേരള പോലീസിന്റെ രക്ഷ എന്ന മൊബൈൽ ആപ്പിലും പോലീസ് സ്റ്റേഷനുകളുടെ ഇ-മെയിൽ വിലാസം ലഭ്യമാണ്. ആവശ്യമായ പരിശോധനകൾക്കുശേഷം എസ്എച്ച്ഒ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷകൻ അധികാരപ്പെടുത്തിയ വ്യക്തിക്കു നല്‍കും. അപേക്ഷകൻ അധികാരപ്പെടുത്തുന്ന വ്യക്തി തിരിച്ചറിയൽ രേഖ ഹാജരാക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവർക്ക് ഫോട്ടോ പതിക്കാത്ത പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക.
അപേക്ഷകനു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ ഇ-മെയിലായും അയച്ചുനൽകും. ഇതിനായി ആവശ്യപ്പെട്ടാൽ എസ്എച്ച്ഒ യുടെ ഒപ്പോടുകൂടിയ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ പിഡിഎഫ് കോപ്പി അപേക്ഷകന്റെ ഇ-മെയിലിലേക്ക് എസ്.എച്ച്.ഒ. യുടെ മെയിലിൽ നിന്നും അയച്ചുനൽകും. അപേക്ഷാ ഫീസ് നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അടയ്ക്കാം.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നതിനുള്ള രേഖ ലഭ്യമാണെങ്കിൽ ഹാജരാക്കിയാൽ മതിയെന്ന് നിർദേശവും നൽകിയിട്ടുണ്ട്.