സ്വന്തം ലേഖകന്‍
കോഴിക്കോട്:പ്രളയവുമായി ബന്ധപ്പെട്ട് കണക്കെടുപ്പിനായി വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫീല്ഡിലിറങ്ങിയതോടെ വെട്ടിലായത് ഉദ്യോഗാര്‍ഥികള്‍ . കേരള പോസ്റ്റ് സര്‍ക്കിളിലെ ഗ്രാമീൺഡാക്ക് സേവകുമാരുടെ രണ്ടായിരത്തോളം വരുന്ന ഒഴിവിലേക്കുള്ള അപേക്ഷിക്കേണ്ട അവസാനതീയതി ഈമാസം 11 ആണ്.
ഇതിനായുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതുമൂലം ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയിലായി. മുന്നോക്ക വിഭാഗങ്ങളിലെ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഈ പോസ്റ്റിലേക്ക് 15 ശതമാനം സംവരണമുണ്ട്. ഇതിനായി നോണ്‍ -ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഈ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസര്‍ ഒപ്പിടണം. തുടര്‍ന്ന് തഹസില്‍ദാര്‍ കൂടി ഒപ്പുവച്ചാലേ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകൂ.
സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍ക്കാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇത് നല്‍കേണ്ടത് തഹസിദാര്‍ ആണ്. അപേക്ഷ നല്‍കേണ്ടത് വില്ലേജ് ഓഫീസിലാണ്. വില്ലേജ് ഓഫീസര്‍ ആവശ്യമായ അന്വേഷണം പൂര്‍ത്തിയാക്കി അപേക്ഷ താലൂക്കാഫീസിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യും.
എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാകട്ടെ ഇപ്പോള്‍ പ്രളയവുമായി ബന്ധപ്പെട്ട് വീടുകളില്‍ ചെന്ന് കണക്കുകള്‍ ശേഖരിക്കുന്ന തിരക്കിലാണ്. ജന സേവന കേന്ദ്രങ്ങള്‍ വഴി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ പോലും അഞ്ചുദിവസമെങ്കിലും എടുക്കുന്ന അവസ്ഥയാണ്. രാത്രികാലങ്ങളില്‍ ഓണ്‍ ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും അപേക്ഷിച്ച പലര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല.
അതേസമയം ചുവപ്പുനാട ഒഴിവാക്കാന്‍ വില്ലേജ് ഓഫീസര്‍മാരെ നേരില്‍ കണ്ട് അപേക്ഷയില്‍ ഒപ്പിട്ടുവാങ്ങി തഹസില്‍ദാരെ നേരിട്ടുകാണാമെന്നുവിചാരിച്ചാല് അതും നടക്കാത്ത അവസ്ഥയാണ്. നേരിട്ട് സര്‍ട്ടിഫിക്കറ്റിന് എത്തുന്നവരെ താലൂക്ക് ഓഫീസില്‍ നിന്നും മടക്കി അയക്കുകയാണ്. എല്ലാം ഓണ്‍ ലൈന്‍ വഴിമാത്രം മതിയെന്നാണ് നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ കനിഞ്ഞാല്‍ മാത്രം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന അവസ്ഥയാണ്.
നേരത്തെ പോസ്റ്റല്‍ സര്‍ക്കിളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നാലിനായിരുന്നു. നിലവിലെ സാഹചര്യത്തിലാണ് അപേക്ഷാതീയതി 11 വരെ നീട്ടിയത്. തുടര്‍ച്ചയായി വരുന്ന സര്‍ക്കാര്‍ അവധിദിവസങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി. ഇതോടൊപ്പം വില്ലേജ് ഓഫീസര്‍മാരുടെ ജോലിഭാരവും കൂടിയാകുമ്പോള്‍ പലര്‍ക്കും അര്‍ഹിച്ച ജോലി നഷ്ടപ്പെടാന്‍ ഇടയാകുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ രണ്ട് വില്ലേജ് ഓഫീസുകളുടെ ചുമതല ഒരാള്‍ വഹിക്കുന്ന സ്ഥിതിവിശേഷവും ഉണ്ട്. പെരുമണ്ണ വില്ലേജ് ഓഫീസിന്റെയും പെരുവയല്‍ വില്ലേജ് ഓഫീസിന്റെയും ചുമതല ഒരാള്‍ക്കാണ്. പെരുമണ്ണ വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ കിലോമീറ്ററുകള്‍ അകലെയുള്ള പെരുവയലില്‍ എത്തി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങേണ്ട അവസ്ഥയാണ്. അത്യാവശ്യമുള്ളവരോട് വൈകുന്നേരം ആറിനുശേഷം എത്താനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.