തിരുവനന്തപുരം: ഭരണഭാഷയായ മലയാളത്തിനു കേരള പബ്ലിക് സർവീസ് കമ്മീഷൻ ( പിഎസ്സി ) പ്രാധാന്യം നൽകുന്നില്ലെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ബിരുദതലംവരെ യോഗ്യതയായുള്ള പരീക്ഷകളിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്താൻ പിഎസ്സി തീരുമാനിച്ചു. മലയാളപ്പിറവി ദിനം മുതൽ നടക്കുന്ന പരീക്ഷകളിലാണു മലയാളം ഒരുവിഷയമായി ഉൾപ്പെടുത്തിയത്.
ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയ്ക്കു മലയാളം ഭാഷയിൽ നിന്ന് 10 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിൽ മലയാളത്തിനു പകരം കന്നഡയിലോ തമിഴിലോ 10 ചോദ്യങ്ങൾ ഉണ്ടാകും. തീരുമാനം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പിഎസ്സി ആരംഭിച്ചതായി ചെയർമാൻ എം.കെ. സക്കീർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിവിധ കാരണങ്ങളാൽ നടപടി വൈകുന്ന 2016 നവംബർ ഒന്നു വരെയുള്ള ഫയലുകൾ ഒക്ടോബർ 31-നു മുമ്പു തീർപ്പാക്കാനുള്ള കർമപദ്ധതിയും പിഎസ്സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെയർമാൻ പ്രഖ്യാപിച്ചു. വ്യവഹാരം, സർക്കാർ ഉത്തരവിന്റെയോ പ്രത്യേക ചട്ടങ്ങളുടെയോ അഭാവം തുടങ്ങിയ കാരണങ്ങളാൽ നടപടി വൈകുന്ന ഫയലുകൾ ഒക്ടോബർ 31-നകം തീർപ്പാക്കുന്നതിനു പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതി വിവരങ്ങൾ പരിശോധിച്ചു മുൻഗണനാക്രമം അനുസരിച്ചാകും ഫയലുകൾ തീർപ്പാക്കുക. ഫയൽതീർപ്പാക്കൽ നടപടികൾക്കായി 14 ജില്ലകളിലും പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും.
പിഎസ്സിയുടെ സേവനങ്ങൾ വേഗത്തിൽ ഉദ്യോഗാർഥികൾക്കു ലഭ്യമാക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ തന്നെ ഉദ്യോഗാർഥികൾക്കു ചെയ്യാൻ കഴിയും. ഔദ്യോഗിക വെബ്സൈറ്റ് മലയാളഭാഷയിലും ലഭ്യമാക്കും.
പിഎസ്സി ഓണ്‍ലൈൻ പരീക്ഷ വ്യാപകമാക്കും. നിലവിൽ രണ്ടായിരത്തിൽ താഴെ അപേക്ഷകരുള്ളപ്പോൾ മാത്രമാണ് ഓണ്‍ലൈൻ പരീക്ഷ നടത്തുന്നത്. കൂടുതൽ ഓണ്‍ലൈൻ കേന്ദ്രങ്ങൾ സജ്ജീകരിച്ച് കുറഞ്ഞതു പതിനായിരം അപേക്ഷകളുള്ള തസ്തികകളിലെങ്കിലും പരീക്ഷ ഓണ്‍ലൈൻ വഴിയാക്കാനാണ് ആലോചിക്കുന്നത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പിഎസ്സി ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം നിർമിക്കുമെന്നും ചെയർമാൻ എം.കെ.സക്കീർ പറഞ്ഞു. വജ്രജൂബിലിയുടെ ഭാഗമായി മുൻ ചെയർമാന്മാരെയും അംഗങ്ങളെയും പിഎസ്സി ആദരിക്കും.
ഓണ്‍ലൈൻ അപേക്ഷകളിലെ പിഴവ് ഒഴിവാക്കുന്നതിന്റെ ഭാഗമായി അക്ഷയകേന്ദ്രം ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. വജ്രജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം 27-നു വൈകുന്നേരം നാലിനു പിഎസ്സി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, കെ. മുരളീധരൻ എംഎൽഎ തുടങ്ങിയവരും പങ്കെടുക്കും. – See more at: