ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത! ഇടുക്കി ജില്ലയില്‍ കാലാവസ്ഥാവകുപ്പിന്റെ യെല്ലോ അലര്‍ട്ട്; വിനോദ സഞ്ചാരികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, പുതുച്ചേരി തീരത്തു തെക്ക്/തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കി.മീ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇടുക്കിയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക, മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകേയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്, മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്, നദികള്‍, ചാലുകള്‍ എന്നിവ മുറിച്ചു കടക്കരുത്, പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കുന്നത് ഒഴിവാക്കുക, വെള്ളക്കെട്ടുകളില്‍ കുട്ടികള്‍ ഇറങ്ങുന്നില്ലെന്നു ഉറപ്പുവരുത്തുക, മരങ്ങളുടെയും വൈദ്യുത പോസ്റ്റുകളുടെയും താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്, മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കണം, പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ വെള്ളം കയറാത്തതും എളുപ്പം എടുക്കാന്‍ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക, ഒൗേദ്യാഗിക അറിയിപ്പുകള്‍ വീട്ടില്‍ എല്ലാവരോടും പറയുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി 1077 എന്ന നമ്പരില്‍ ബന്ധപ്പെടുക. തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുനിന്നാണു വിളിക്കുന്നതെങ്കില്‍ അതതു ജില്ലകളുടെ എസ്.ടി.ഡി. കോഡ് ചേര്‍ക്കണം.

Related posts