തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴിന് ഇടുക്കിയിലും മലപ്പുറത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്തെ ചിലയിടങ്ങളിൽ അത്യന്തം കനത്ത മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലക്ഷദ്വീപിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കഴിഞ്ഞ ദിവസം മൂന്നു ജില്ലകളിലായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇന്നലെ ജില്ലകളിൽ മാറ്റമുണ്ടായി.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഏഴിന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കു സമീപം രൂപം കൊള്ളുന്ന ന്യൂനമർദമാണ് അതി തീവ്ര മഴയ്ക്കും കാറ്റിനും കാരണമാകുന്നത്. ഇന്നും നാളെയും എട്ടിനും ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വൈദ്യുതി ബോർഡിന്റെയും ജലവിഭവ വകുപ്പിന്റെയും അണക്കെട്ടുകൾ ഏതു സമയവും തുറക്കാൻ സന്നദ്ധമാക്കിയിട്ടുണ്ട്. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകൾ പരമാവധി സംഭരണശേഷിക്ക് അടുത്താണ് എന്നതിനാൽ ഇവ മുൻകൂട്ടി തുറന്നു വിടാൻ ആവശ്യമായ നിർദേശം നൽകണമെന്നു കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടും.
തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകൾ തുറന്നത്. കൂടാതെ കല്ലടയാറ്റിന്റെ തീരത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കിയിൽ ജാഗ്രത തുടരുന്നു
തൊടുപുഴ: ഇടുക്കിയിൽ ജാഗ്രത തുടരുന്നു. അടിയന്തിര സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറക്കാനുള്ള സാധ്യതയേറി. ഇന്നലെ രാത്രി ജില്ലാ കളക്ടർ കെ.ജീവൻബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയിൽ എത്തി.
ജില്ലാ കളക്ടർ ആവശ്യപ്പെട്ടാൽ ഡാം തുറക്കുന്നതിനു കഐസ്ഇബിയും സമ്മതമറിയിച്ചു. ജില്ലയിലെ മറ്റു ഡാമുകളുടെ സ്ഥിതി സംബന്ധിച്ചും യോഗത്തിൽ അവലോകനം നടത്തി. ഇന്നു വീണ്ടും അവലോകന യോഗം ചേരും. ഇതിനു ശേഷമായിരിക്കും ഡാം തുറക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു.
നിലവിൽ ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴക്കു സാധ്യതയുള്ള ഏഴിന് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. .ഇടുക്കി ഡാമിലെ ജല നിരപ്പ് 2387.7 അടിയാണ്. മുല്ലപ്പെരിയാറിൽ 131. 4 അടിയാണ് ജലനിരപ്പ്. ഇടുക്കിയിൽ പരമാവധി സംഭരണ ശേഷിയായ 2403-ൽ എത്തണമെങ്കിൽ 15.24 അടി വെള്ളം കൂടി വേണം.
ഓഗസ്റ്റ് ഒന്‍പതിന് ഡാമിലെ ജലനിരപ്പ് 2397 അടിയെത്തിയപ്പോഴാണ് മുന്‍പു ഡാം തുറന്നത്.ആദ്യം ഒരു ഷട്ടറാണ് തുറന്നത്. എന്നാൽ മഴകനത്തതോടെ പിന്നീട് രണ്ടു ഘട്ടങ്ങളിലായി അഞ്ചു ഷട്ടറുകളും തുറക്കുകയായിരുന്നു. ഡാമിന്റെ എല്ലാം ഷട്ടറുകളും തുറന്നുവിട്ടതോടെ പെരിയാറിലെ കുത്തൊഴുക്കിൽ വ്യാപക നാശനഷ്ടവും സംഭവിച്ചിരുന്നു.ചെറുതോണി-കട്ടപ്പന റോഡിന്റെ സംരക്ഷണ ഭിത്തി ഉൾപ്പെടെ ഒലിച്ചുപോകുകയും നിരവധി വ്യാപാരസ്ഥാനങ്ങൾക്കും വീടുകൾക്കും കനത്ത നാശം സംഭവിക്കുകയും ചെയ്തിരുന്നു.
ഇതു വ്യാപക പ്രതിഷേധത്തിനു കാരണമായ സാഹചര്യത്തിലാണ് ജലനിരപ്പ് കൂടുതൽ ഉയരുന്നതിനു കാത്തിരിക്കാതെ ഡാം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചു നിർത്താൻ ജില്ലാഭരണകൂടവും കഐസ്ഇബിയും ധാരണയിൽ എത്തിയിരിക്കുന്നത്.
ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിച്ച ശേഷമായിരിക്കും ഡാം തുറക്കുന്നത്. ഇതിന്റെ ഭാഗമായി അനൗണ്‍സ്മെന്റ് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും.രാത്രി സമയങ്ങളിൽ ഡാം തുറക്കുകയില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ഇടുക്കിയിൽ ഇന്നു മുതൽ വിനോദസഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി. രാത്രിയാത്രയ്ക്കും ഇന്നു മുതൽ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരവാഹനങ്ങളും വലിയ ടൂറിസ്റ്റ് ബസുകളും കടത്തി വിടില്ല. വീണ്ടും ഡാം തുറന്നാൽ ഡാമിന്റെ നിർമാണം പൂർത്തീകരിച്ച ശേഷം ആദ്യമായാണ് മൂന്നുമാസത്തിനുള്ളിൽ രണ്ടുതവണ അണക്കെട്ട് തുറക്കുന്നത്.