തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ വരെ കേരളത്തിൽ അത്യന്തം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയും ഞായറാഴ്ചയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചില സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയും പെയ്യും. ദിവസം 21 സെന്റിമീറ്റർവരെ പെ യ്യാവുന്നതാണ് അത്യന്തം കന ത്ത മഴ.
കേരളതീരത്ത് അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തെക്കൻ തമിഴ്നാട്, കന്യാകുമാരി, കേരള-കർണാടക തീരങ്ങൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
തെക്കുപടിഞ്ഞാറൻ കാലവർഷം ബംഗാൾ ഉൾക്കടലിലും ആൻഡമാൻ നിക്കോബാർ ദ്വീപിലും എത്തിച്ചേർന്നതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്തനിവാരണ അഥോറിറ്റി എല്ലാ ജില്ലാ കളക്ടർമാർക്കും ജാഗ്രതാ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 29 വരെ താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ നിർദേശം നൽകി.
ഇതിനു പുറമെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോൽ വില്ലേജ് ഓഫീസർമാർ/തഹസിൽദാർമാർ കരുതണം. അവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ മറ്റു നടപടികൾ സ്വീകരിക്ക ണം. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രിസമയത്ത് മലയോരമേഖലകളിലേക്കുള്ള യാത്ര പരിമിതപ്പെടുത്താൻ പോലീസ് മുഖേന നിർദേശം നൽകണം.
ബീച്ചുകളിൽ വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലുകൾ മുഖേന നടപടി സ്വീകരിക്കണം. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്ന പ്രചാരണം നടത്തുക. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തുന്നത് അനുവദിക്കാതിരിക്കാൻ പോലീസിനു നിർദേശം നൽകണം.
മരങ്ങൾക്കു താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുക. ഇതിനു പുറമെ അതിതീവ്ര മഴയ്ക്കു മുന്നൊരുക്കമായി നിർദേശിച്ചിട്ടുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും അഥോറിറ്റി നിർദേശം നൽകി.