തിരുവനന്തപുരം: ഉമ്മൻചാണ്ടിയാണ് തന്നോട് കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദേശിച്ചതെന്ന് ശശി തരൂർ എം.പി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ പ്രതികരണം.
കേരളത്തിൽ തന്റെ സാന്നിധ്യം വേണമെന്ന് പാർട്ടി പറഞ്ഞാൽ മാറി നിൽക്കില്ല. കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രചാരണരംഗത്ത് താൻ ഉണ്ടായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്- ശശി തരൂർ പറഞ്ഞു.
ഗ്രൂപ്പ് രാഷ്ട്രീയം നല്ലതല്ലെന്ന് അഭിപ്രായപ്പെട്ട ശശി തരൂർ നേതാവ് ആരായാലും ഒരു പാർട്ടിയും ഒരു ചിഹ്നവുമല്ലേ, ചിഹ്നത്തിന് വോട്ട് നൽകാനല്ലേ അഭ്യർഥിക്കുന്നത് എന്നും കൂട്ടിച്ചേർത്തു. ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലെ കളികളിൽ താത്പര്യമില്ല.
ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്നും കോൺഗ്രസിലെ ഒരു ഗ്രൂപ്പിലും ചേരാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നും ശശി തരൂർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് വന്നാൽ അപ്പോൾ നോക്കാമെന്നും ശശി തരൂർ പറഞ്ഞു.