കേരളത്തിന്റെ നെൽക്കൃഷി പാരമ്പര്യം പുതിയ തലമുറയെ ഓർമപ്പെടുത്താൻ നെൽവിത്തുകൊണ്ട് കേരള ചിത്രം നിർ മിച്ച് പ്രമാടം നേതാജി സ്കൂൾ വിദ്യാർഥികൾ. കേരളത്തിന്റെ കാർഷിക സംസ്കൃതി അടയാളപ്പെടുത്താൻ നെല്ലുകൊണ്ട് 15 അടി വലിപ്പമുള്ള കേരളചിത്രം വരച്ചാണ് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ കൊല്ലവർഷം 1200 നെ എതിരേറ്റത്. കേരളത്തിന്റെ സംസ്കാരവും വൈവിധ്യവും കുട്ടികളിലേക്ക് എത്തിക്കാൻ കാർഷിക മിനി ഗാലറിയും ഒരുക്കിയാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്.
സ്കൂളിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കേരളീയം നടന്നത്. കാർഷിക ഉപകരണങ്ങളും വൈക്കോൽ തുറുവും നെൽശില്പവും കുട്ടികളെ ആകർഷിച്ചു. വഞ്ചിപ്പാട്ട് പാടിയാണ് അതിഥികളെ കുട്ടികൾ സ്വീകരിച്ചത്. കേരള ഗാനങ്ങളുടെ അവതരണങ്ങളും നടന്നു. മുഴുവൻ വിദ്യാർഥികളും മിനി ഗാലറി പ്രദർശനത്തിൽ പങ്കെടുത്തു.
സ്കൂൾ പ്രഥമാധ്യാപിക സി. ശ്രീലതയുടെ അധ്യക്ഷതയിൽ നടന്ന കേരളീയം സംഗമം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
നെൽകർഷക പി.കെ. തങ്കയെ ആദരിച്ചു. മാതൃസംഗമം പ്രസിഡന്റ് യമുനാ സുഭാഷ്, മാനേജ്മെന്റ് പ്രതിനിധി അംഗങ്ങളായ ഡോ. എസ്. സുനിൽകുമാർ, ടി.ആർ. സുരേഷ്, മലയാളം ക്ലബ് കോ-ഓർഡിനേറ്റർ നാടകക്കാരൻ മനോജ് സുനി, സ്റ്റാഫ് സെക്രട്ടറി കെ.ബി. ലാൽ, മലയാളം ക്ലബ് ജോയിന്റ് കൺവീനർ എസ്. ബിജു എന്നിവർ പ്രസംഗിച്ചു.