അതിഥി തൊഴിലാളികളെ അവരവരുടെ സ്വന്തം നാട്ടിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് കേരള സര്‍ക്കാര്‍.
എന്നാല്‍ ഈ ജാഗ്രതയും ഈ കരുതലുമൊന്നും ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളോടില്ല എന്നതാണ് യാഥാര്‍ഥ്യം.
കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു. ഇതിനു വേണ്ടതെല്ലാം ചെയ്തത് തങ്ങളാണെന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ മടക്കയാത്രയില്‍ നിര്‍ണ്ണായകമായത് ഇതരസംസ്ഥാന തൊഴിലാളികളുടെ സംസ്ഥാന നിലപാടാണ്. അത് പരിഗണിച്ചായിരുന്നു എല്ലാ സ്ഥലത്തു നിന്നും നോണ്‍ സ്റ്റോപ് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചത്.
എന്നാല്‍ അത്തരമൊരു ആവശ്യം തുടക്കത്തില്‍ കേരളം ഉന്നയിച്ചില്ല. സ്വന്തമായി വാഹന സൗകര്യം ഉള്ളവര്‍ മാത്രം മടങ്ങിയെത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു കേരളം.
കഴിഞ്ഞ ദിവസം അത് മാറ്റി. തീവണ്ടികള്‍ അനുവദിക്കണമെന്ന കത്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നല്‍കി. ഇതില്‍ ഒരു തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഇതരസംസ്ഥാനങ്ങളിലെ മലയാളികള്‍ കഷ്ടത്തിലാകും.
ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കി മടങ്ങുന്ന ട്രയിനുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു മലയാളികളെ മടക്കിയെത്തിക്കണമെന്ന ആവശ്യം ഉയരുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണമാണ് സജീവമാകുന്നത്.
പണവും ഭക്ഷണവും താമസ സൗകര്യവും ചികിത്സാ സംവിധാനങ്ങളും ഒന്നും ഇല്ലാതെ നരകിക്കുകയാണ് നിരവധി മലയാളികള്‍. കോവിഡ് അതിരൂക്ഷമായ മുംബൈ, പുനെ തുടങ്ങിയ നഗരങ്ങളില്‍ കഴിയുന്ന മലയാളി തൊഴിലാളികളുടെ സ്ഥിതി പരമ ദയനീയമാണ്..
കേരളത്തില്‍ നിന്ന് അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഒഡീഷ, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്.
ട്രെയിന്‍ കടന്നുപോകുന്ന സംസ്ഥാനങ്ങളില്‍ ഒട്ടേറെ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഈ ട്രെയിനുകള്‍ കേരളത്തിലേക്ക് ആളില്ലാതെ മടങ്ങിയെത്തും.
ഇതില്‍ മലയാളികളെ കൊണ്ടു വരാവുന്നതേയുള്ളൂ. എന്നാല്‍ ഇതിനെപ്പറ്റിയൊന്നും കേരള സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്റെ കണക്കുപ്രകാരം കേരളത്തിലേക്ക് അടിയന്തര യാത്രാസൗകര്യം പ്രതീക്ഷിച്ച് ചെന്നൈയില്‍ മാത്രമുള്ളത് അയ്യായിരത്തിലേറെ മലയാളികളാണ്.
ഇതില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ല. മുംബൈ, നാഗ്പൂര്‍, പുണെ, റായ്പൂര്‍, വിജയവാഡ, വിശാഖപട്ടണം, ഭോപാല്‍, ഇന്‍ഡോര്‍, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു.
കേരള സര്‍ക്കാരിന്റെ ഈ മനോഭാവം ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ മടങ്ങിവരവ് അത്ര എളുപ്പമാക്കില്ലെന്നാണ് കരുതുന്നത്.
സ്വന്തം വാഹനമുള്ളവര്‍ക്കോ ടാക്‌സി വിളിച്ചു പോകുന്നവര്‍ക്കോ മാത്രമാണു നിലവില്‍ പാസ് കിട്ടുന്നത്. അതായത് ഇതിനുള്ള സാമ്പത്തിക കരുത്ത് ഇല്ലാത്തവര്‍ക്ക് കേരളത്തില്‍ തല്‍കാലം എത്താന്‍ കഴിയില്ല.
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും നിരവധി മലയാളികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി പ്രത്യേക തീവണ്ടിയെന്ന വാദം സജീവമാണ്.
ഇത് സംഭവിച്ചാല്‍ നിരവധി പേര്‍ക്ക് കുറഞ്ഞ ചെലവിലെ യാത്ര ഉറപ്പാകും. ഓരോ സംസ്ഥാനത്ത് നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം തിരിച്ചറിഞ്ഞ് കേരളം തീവണ്ടികള്‍ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
നിലവില്‍ റോഡ് വഴിമാത്രമാണ് യാത്ര. നേരത്തേ നോര്‍ക്ക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പാസ് നല്‍കുന്നത്. ഇഞ്ചിവിള (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമളി (ഇടുക്കി), വാളയാര്‍ (പാലക്കാട്), മുത്തങ്ങ (വയനാട്), മഞ്ചേശ്വരം (കാസര്‍കോട്) എന്നിവിടങ്ങളില്‍ വഴി മാത്രമാണു പ്രവേശനം. പാസിനു covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റ് വഴി പ്രത്യേകം അപേക്ഷിക്കണം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാം.
ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍, ക്യൂആര്‍ കോഡ് സഹിതമുള്ള ഡിജിറ്റല്‍ പാസ് മൊബൈല്‍ നമ്പറിലും ഇമെയിലിലും ലഭിച്ച ശേഷമേ യാത്ര പുറപ്പെടാവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട. യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കി.