കേരള സോപ്‌സ് മള്‍ട്ടിനാഷണല്‍ കമ്പനികളുമായി കൈകോര്‍ക്കുന്നു

bis-soapകോട്ടയം: കേരള സോപ്‌സ് മള്‍ട്ടി നാഷണല്‍ കമ്പനികളുമായി ചേര്‍ന്ന് അവരുടെ ഉത്പന്നങ്ങളും നിര്‍മിച്ചു നല്കും. കേരള സോപ്‌സിന്റെ കേരള സാന്‍ഡല്‍ സോപ്പിനൊപ്പം യൂണിലിവര്‍, ഐടിസി കമ്പനികളുടെ സോപ്പുകളും നിര്‍മിച്ചു നല്കാനാണ് ധാരണ. ഇതുസംബന്ധിച്ചു കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് പ്രാഥമികഘട്ട ചര്‍ച്ചകള്‍ നടത്തിയതായി കെഎസ്‌ഐഇ ചെയര്‍മാന്‍ സ്കറിയ തോമസ് ദീപികയോടു പറഞ്ഞു.

കേരള സോപ്‌സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു മള്‍ട്ടി നാഷണല്‍ കമ്പനികളുടെ സോപ്പ് നിര്‍മാണം കേരള സോപ്‌സ് ഏറ്റെടുക്കുന്നത്. കോഴിക്കോട് ബീച്ചിനോടു ചേര്‍ന്നുള്ള കേരള സോപ്‌സ് ഫാക്ടറിയില്‍ ശേഷിയുടെ 30 ശതമാനമേ ഉത്പാദിപ്പിക്കുന്നുള്ളൂ. യൂണിലിവര്‍, ഐടിസി കമ്പനികളുടെ അനൗദ്യോഗിക ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടതോടെ കമ്പനി അധികൃതര്‍ ഫാക്ടറി സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ ആരംഭിക്കും. ആറു മാസത്തിനുള്ളില്‍ സ്വകാര്യ കമ്പനികളുടെ ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്കാനാകുമെന്നാണ് കെഎസ്‌ഐഇ കണക്കുകൂട്ടുന്നത്.

നഷ്ടത്തിലോടുന്ന കമ്പനിയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഈ നീക്കം. കേരള സാന്‍ഡല്‍ സോപ്പിന്റെ ഉത്പാദനവും ഇതിനൊപ്പം വര്‍ധിപ്പിക്കും. വനംവകുപ്പില്‍നിന്നു വാങ്ങുന്ന ചന്ദനത്തൈലം ഉപയോഗിച്ചു നിര്‍മിക്കുന്ന ഏക സോപ്പാണു കേരള സോപ്പിന്റെ കേരള സാന്‍ഡല്‍ സോപ്പെന്നു സ്കറിയ തോമസ് പറഞ്ഞു. കോഴിക്കോട്ടെ ഫാക്ടറി മോഡേണൈസേഷന്‍ ചെയ്തതാണ്. മുമ്പ് ഒരു സ്വകാര്യ കമ്പനിക്ക് ഇവിടെനിന്നു സോപ്പ് നിര്‍മിച്ചു നല്‍കിയിരുന്നു. വന്‍കിട കമ്പനികള്‍ വരുന്നതോടെ കേരള സോപ്‌സിനെ ലാഭത്തിലെത്തിക്കാനാകും. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഉള്‍പ്പെടുത്തി കൂടുതല്‍ പദ്ധതികള്‍ തയാറാക്കും.

മുമ്പ് സര്‍ക്കാരിലേക്കു ലാഭവിഹിതം കൈമാറിയിരുന്ന സ്ഥാപനം ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുകയാണെന്നും തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലെ കാര്‍ഗോ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതോടെ സാമ്പത്തിക ഭദ്രത കൈവരിക്കാനാകുമെന്നാണു കരുതുന്നതെന്നും സ്കറിയ തോമസ് പറഞ്ഞു.

Related posts