സ്വന്തം ലേഖകൻ
തൃശൂർ: മലയാളത്തിന്റെ അക്ഷരത്തറവാടായ കേരള സാഹിത്യ അക്കാദമിയിലേക്ക് ഗാനപ്രവാഹം. സംഗീതദിനത്തോടനുബന്ധിച്ചല്ല ഈ ഗാനപ്രവാഹം. കേരളത്തിനൊരു ഒൗദ്യോഗിക ഗാനം തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ച് സൃഷ്ടികൾ ക്ഷണിച്ചതിനെ തുടർന്നാണ് സാഹിത്യ അക്കാദമിയിലേക്ക് ഗാനപ്രവാഹമൊഴുകുന്നത്. ജൂണ്‍ 30 വരെ ഗാനങ്ങൾ സമർപിക്കാൻ സമയമുണ്ടെങ്കിലും ഇപ്പോൾത്തന്നെ ഇരുനൂറിനടുത്ത് ഗാനങ്ങൾ അക്കാദമിയിൽ ലഭിച്ചു കഴിഞ്ഞു.
കേരളത്തിലെ സർക്കാർ പരിപാടികളിലും പൊതുപരിപാടികളിലും ഉപയോഗിക്കാനായി മതേതര സ്വഭാവമുള്ള പ്രാർത്ഥനാഗാനം അല്ലെങ്കിൽ വന്ദനഗാനം തയ്യാറാക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഈ കേരള ഗാനത്തിന് പൊതുജനങ്ങളിൽ നിന്നും നല്ല ഗാനങ്ങൾ ക്ഷണിക്കാൻ സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇക്കഴിഞ്ഞ മേയ് 26ന് സാഹിത്യ അക്കാദമിയിൽ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്കാരിക പ്രവർത്തകരുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് കേരള ഗാനം എന്ന ആശയം ഉയർന്നത്.
കേരളത്തിലെ എഴുത്തുകാരിൽ നിന്നും കവികളിൽ നിന്നും ഗാനരചയിതാക്കളിൽ നിന്നും സാംസ്കാരിക പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും രചനകളും നിർദ്ദേശങ്ങളും ഇതിനായി ക്ഷണിച്ചു. ജൂണ്‍ 30ന് ശേഷം ഈ ഗാനങ്ങൾ ഉന്നത സമിതി പരിശോധിച്ച് വിലയിരുത്തി മികച്ച സൃഷ്ടികൾ ഷോർട്ട് ലിസ്റ്റ് ചെയ്ത് അന്തിമ തീരുമാനത്തിനായി സാംസ്കാരിക വകുപ്പിന് സമർപിക്കും.
അങ്ങിനെ ലോകസംഗീത ദിനത്തിൽ കേൾക്കാൻ കഴിയില്ലെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളസാഹിത്യ അക്കാദമിയിലേക്ക് കേരള ഗാനങ്ങൾ എത്തി.