കേരളത്തില്‍ തൊഴിലില്ലായ്മ ദേശീയ ശരാശരിയ്ക്കും മുകളില്‍ ! മെഡിസിന്‍ കഴിഞ്ഞ 7,303 പേരും 44,000 എഞ്ചിനീയര്‍മാരും 12,000 നഴ്‌സിംഗ് ബിരുദധാരികളും ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്നു…

കുട്ടി ജനിക്കുമ്പോള്‍ മുതല്‍ തന്നെ മാതാപിതാക്കള്‍ അവരെ ഡോക്ടര്‍മാരും എഞ്ചിനീയറുമാക്കി വാര്‍ത്തെടുക്കാനുള്ള തത്രപ്പാടിലാണ്. കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ക്കു താല്‍പര്യമില്ലെങ്കില്‍ തന്നെ അവരെ നിര്‍ബന്ധിച്ച്,ഇല്ലാത്ത പണമുണ്ടാക്കി മെഡിസിനും എഞ്ചിനീയറിംഗിനും വിടും. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ നില ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്ന യാഥാര്‍ഥ്യം മനസ്സിലാകുമ്പോഴേ ഇതിന്റെ ഭീകരത മനസ്സിലാകൂ. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ത്രിപുരയും(18.1) സിക്കിമും(19.7) മാത്രമാണ് കേരളത്തിനു മുമ്പിലുള്ളത്.

കേരളത്തില്‍ പണിയില്ലാത്തവരുടെ എണ്ണം 36,25,852 ആണെന്നും ഇവരില്‍ 23,00,139 സ്ത്രീകളും 13,25,713 പുരുഷന്മാരും ആണെന്നുമാണ് കണക്കുകള്‍.വന്‍തുക ചെലവ് വരുന്ന മെഡിസിന്‍ മേഖലയിലെ ഡോക്ടറും നഴ്‌സിംഗും പഠിച്ചിറങ്ങിയ 19,000 പേര്‍ക്കാണ് ഇതുവരെ പണി കിട്ടിയിട്ടില്ലാത്തത്. 7,303 പേര്‍ ഡോക്ടര്‍ മോഹം സഫലമാകാതെ കാത്തിരിക്കുമ്പോള്‍ എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ പണിയില്ലാത്തവരുടെ എണ്ണം 44,559 ഓളം വരും. നഴ്സിംഗ് ഗ്രാജുവേറ്റുകള്‍ ആയിട്ടും ജോലി കിട്ടാതെ 12,006 പേര്‍ നില്‍ക്കുമ്പോള്‍ തൊഴിലില്ലാത്ത എംബിഎ നേടിയിട്ടും ജോലിക്കു പോകാന്‍ കഴിയാത്തവര്‍ 6,413 ആണ്. എംസിഎയുടെ സര്‍ട്ടിഫിക്കറ്റ് കക്ഷത്തില്‍ വെച്ച് നടക്കുന്നവര്‍ 3771 ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

എളുപ്പം ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം തെരഞ്ഞെടുത്തിട്ടും പണിയില്ലാതെ കഴിയുന്ന പ്രൊഫഷണല്‍ ബിരുദധാരികളുടെ എണ്ണം 1,43,453 ഓളം വരും. തൊഴിലില്ലാത്ത യുവാക്കളില്‍ 3,31,192 പേരാണ് ഡിഗ്രി പാസ്സായി കാത്തിരിക്കുന്നത്. പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞ 94,590 പേര്‍ക്കും ഇതുവരെ ജോലി കിട്ടിയിട്ടില്ല. തൊഴിലില്ലായ്മയുടെ സംസ്ഥാന ശരാശരി 9.53 ശതമാനമാണ്. ദേശീയ ശരാശരി 6.1 ശതമാനവും. വിഎസ് ശിവകുമാറിന്റെ ചോദ്യത്തിന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനാണ് കേരളത്തിലെ തൊഴിലില്ലായ്മയുടെ കണക്ക് ബുധനാഴ്ച നിയമസഭയെ അറിയിച്ചത്.

Related posts