കോട്ടയം: കേരള സ്റ്റേറ്റ് ബോർഡ് വച്ച് നേതാവിന്റെ സ്വകാര്യ കാർ കോട്ടയം ജില്ലയിലൂടെ ചീറിപ്പായുന്പോഴും നടപടി സ്വീകരി ക്കേണ്ട പോലീസ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കു മൗനം.
കോട്ടയം ജില്ലയിലെ ഒരു ഘടകകക്ഷി നേതാവാണ് നിയമലംഘനം പരസ്യമായി നടത്തുന്നത്. അതും ചുവന്ന ബോർഡിൽ വെളുത്ത അക്ഷരമുള്ള ബോർഡ് വച്ചാണ് കാർ ഓടുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു പാലായിലുള്ള ഈ ഘടകകക്ഷിനേതാവിനെ ഒരു ക്ഷേമനിധി ബോർഡിലെ അംഗമാക്കിയിരുന്നു.
എന്നാൽ സർക്കാർ മാറുകയും ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കാത്തതു കൊണ്ടും നേതാവിനു സുഖമാണ്.
എന്നാൽ മകനാണ് കൂടുതൽ സമയവും ഈ വാഹനം ഉപയോഗിക്കുന്നത്. ഈ വാഹനത്തിൽ കേരള സ്റ്റേറ്റ് എന്ന ബോർഡു കൂടി വച്ചതോടെ നേതാവിനും സന്തോഷമായിരിക്കുന്നു.
‘കേരള സ്റ്റേറ്റ്’ എന്ന ബോർഡ് സംസ്ഥാന മന്ത്രിമാർക്കോ തത്തുല്യപദവി വഹിക്കുന്നവർക്കോ നൽകിയിട്ടുള്ള വാഹനത്തിൽ മാത്രമേ പ്രദർശിപ്പിക്കാവൂയെന്നും അല്ലാത്ത വാഹനങ്ങളിൽ കണ്ടാൽ നടപടിയെടുക്കാനും ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്നപ്പോൾ ടോമിൻ ജെ.തച്ചങ്കരി നിർദേശം നൽകിയതാണ്.
സംസ്ഥാന സർക്കാർ വാഹനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഭരണഘടനാപരമായ അധികാര സ്ഥാപനങ്ങൾ എന്നിവയുടെ വാഹനത്തിലൊന്നും കേരള സ്റ്റേറ്റ് എന്ന ബോർഡ് പാടില്ല.
പലയിടത്തും ചില വകുപ്പുകളുടെ വാഹനത്തിൽ കേരള സർക്കാർ എന്ന ബോർഡാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. അത്തരം വാഹനങ്ങളിൽനിന്ന് ബോർഡ് നീക്കം ചെയ്യിക്കണമെന്നും പിഴയീടാക്കണമെന്നും നിർദേശമുണ്ട്.
കളക്ടർമാരുടെ വാഹനത്തിൽ മുന്നിലും പിന്നിലും ജില്ലാകളക്ടർ എന്ന ബോർഡ് വെക്കാം. പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അതത് സ്ഥാപനത്തിന്റെ പേരുള്ള ബോർഡ് മാത്രമേ വെക്കാവൂ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനത്തിൽ മുന്നിലും പിന്നിലും തലവന്റെ ഒൗദ്യോഗിക പദവി സൂചിപ്പിക്കുന്ന ബോർഡ് വെക്കാം. രജിസ്ട്രേഷൻ നന്പർ മറയ്ക്കുന്ന രീതിയിൽ ഒരു ബോർഡും പ്രദർശിപ്പിക്കാൻ പാടില്ല.