കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കോഴിക്കോടന്‍ മണ്ണില്‍ നിന്നു സ്വര്‍ണ കപ്പ് നാളെയാത്ര തുടങ്ങും. കഴിഞ്ഞ തവണ ആതിഥേയത്വം വഹിക്കുകയും കപ്പടിക്കുകയും ചെയ്ത കോഴിക്കോട് ഇത്തവണയും പ്രതീക്ഷയിലാണ്. കലോത്സവ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഘോഷയാത്രയായി ഇത്തവണത്തെ ആതിഥേയ ജില്ലയായ കൊല്ലത്തേക്ക് കൊണ്ടുപോകും.
നാളെ രാവിലെ എട്ടിന് കോഴിക്കോട് ഗവ. മോഡൽ എച്ച്എസ്എസ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് അന്നേ ദിവസം തൊടുപുഴയിൽ അവസാനിക്കും. മൂന്നിന് വീണ്ടും ഘോഷയാത്ര തുടങ്ങി അന്നു തന്നെ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ചേരും.
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ നാളെ രാവിലെ ട്രഷറിയിൽ നിന്നു സ്വർണക്കപ്പ് ഏറ്റുവാങ്ങും. മുൻ വർഷം നടന്ന സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ചെയർമാനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് സ്വർണക്കപ്പ് കൈമാറിക്കൊണ്ട് ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.
കോഴിക്കോട് നിന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന സ്വർണക്കപ്പ് രാമനാട്ടുകരയിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ഏറ്റുവാങ്ങി മലപ്പുറത്തെ സ്വകരണ സ്ഥലമായ കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിക്കും.
തുടർന്ന് പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ സ്വർണക്കപ്പിന് സ്വീകരണം നൽകും. വൈകിട്ട് തൊടുപുഴയിൽ എത്തിക്കുന്ന സ്വർണക്കപ്പ് തൊടുപുഴ ട്രഷറിയിൽ സൂക്ഷിക്കും. പിറ്റേദിവസം എം.സി റോഡ് മാർഗം കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്ന് കൊല്ലത്ത് എത്തും.
കൊല്ലത്തെ ആദ്യ സ്വീകരണ സ്ഥലമായ കുളക്കടയിൽ സംഘാടക സമിതി ചെയമാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സ്വർണക്കപ്പ് ഏറ്റുവാങ്ങും. തുടർന്ന് സ്വർണക്കപ്പുമായി നഗരപ്രദക്ഷിണം നടത്തി ആശ്രാമം മൈതാനത്തേക്ക് എത്തിച്ചേരും.