കൊല്ലം: കൗമാരകലയുടെ ഉത്സവത്തെ അനാരോഗ്യകരമായ മത്സര ബോധം കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മേളകളെ രക്ഷകർത്താക്കൾ അവരുടെ മത്സരമായി കാണരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആശ്രാമം മൈതാനിയിലെ പ്രധാന വേദിയിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് പരമ പ്രധാനം. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇക്കാര്യത്തിൽ ശ്രദ്ധയുണ്ടാകണം. ഇന്ന് പിന്നിൽ നിൽക്കുന്നവർ നാളെ മുന്നിൽ എത്തുമെന്ന ചിന്തയുണ്ടാകണം. പരാജയത്തിൽ തളരാതെ സമർപ്പണ മനോബലത്തോടെയും നിരന്തരസാധനയും ഉണ്ടായാൽ വേഗം വിജയത്തിൽ എത്താൻ സാധിക്കും.
മുൻ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്. സ്വർണക്കപ്പ് ഏർപ്പെടുത്തിയത് മന്ത്രി ടി.എം. ജേക്കബുമാണ്. ഇരുവരെയും ഇത്തരുണത്തിൽ സ്മരിക്കുന്നു.
കഴിഞ്ഞ കലോത്സവങ്ങളിൽ ശ്രദ്ധേയമായ വിജയം നേടിയ എത്ര പേർ കലാസപര്യ തുടരുന്നു എന്ന് എല്ലാവരും പരിശോധിക്കണം. മത്സരങ്ങൾ പോയിന്റ് നേടാൻ മാത്രമുള്ളതാണെന്ന ചിന്ത ബന്ധപ്പെട്ടവർ ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.