സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സിസിഎല്‍) ഏറെ ആരാധകരുള്ള ടീമുകളിലൊന്നാണ് മലയാളത്തിന്റെ സ്വന്തം കേരള സ്ട്രൈക്കേഴ്സ്. തങ്ങളുടെ ആദ്യ സീസണില്‍ സെമിയിലെത്തി ആരാധകരുടെ ആവേശം വാനോളമുയര്‍ത്തിയ ടീം പക്ഷേ പിന്നീട് പിറകോട്ട് പോകുകയായിരുന്നു. ഇക്കഴിഞ്ഞ സീസണില്‍ അവസാന നിമിഷമാണ് ലീഗില്‍ പങ്കെടുക്കണമോയെന്ന് പോലും ടീം മാനേജ്മെന്റ് തീരുമാനമെടുത്തത്. എന്നാല്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഏഴാം സീസണില്‍ ടീം പങ്കെടുത്തേക്കില്ലെന്ന വാര്‍ത്തയാണ് ടീം ക്യാമ്പില്‍ നിന്നു കേള്‍ക്കുന്നത്. മോഹന്‍ലാല്‍ നോണ്‍ പ്ലയിംഗ് ക്യാപ്റ്റനായ ടീമിന്റെ ഉടമസ്ഥാവകാശം പ്രിയദര്‍ശനും ലിസിക്കുമായിരുന്നു. ഇരുവരും പിരിഞ്ഞതും ടീമിന്റെ നിലനില്്പിന് ഭീഷണിയായി.
2015ല്‍ കളിച്ച പല താരങ്ങള്‍ക്കും ടീം മാനേജ്മെന്റ് പ്രതിഫലം നല്‍കിയിരുന്നില്ല. ഇതാണ് കഴിഞ്ഞ സീസണില്‍ പല താരങ്ങളും ബഹിഷ്കരണ ഭീഷണി മുഴക്കിയത്. താര സംഘടനയായ അമ്മ ഭാരവാഹികള്‍ നടത്തിയ അനുനയ നീക്കത്തെത്തുടര്‍ന്നാണ് കളിക്കാനിറങ്ങാന്‍ കഴിഞ്ഞ സീസണില്‍ താരങ്ങള്‍ തയ്യാറായത്. എന്നാല്‍ ഈ സീസണില്‍ കേരള സ്ട്രൈക്കേഴ്സിനൊപ്പം കളിക്കാനില്ലെന്നാണ് ടീമിന്റെ നെടുംതൂണായ പ്രമുഖ താരം രാഷ്ട്രദീപികയോട് പറഞ്ഞത്. ആദ്യ സീസണില്‍ കൃത്യമായി പ്രതിഫലം ലഭിച്ചിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ ശരിയായ വഴിക്കല്ലായിരുന്നുവെന്ന് താരം പറയുന്നു.
ആദ്യ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന കുഞ്ചാക്കോ ബോബനും സൈജു കുറുപ്പുമെല്ലാം ചേര്‍ന്ന് സെലിബ്രിറ്രി ക്രിക്കറ്റ് ക്ലബ് എന്ന പേരില്‍ മറ്റൊരു ടീം രൂപീകരിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇംഗ്ലണ്ടിലും ഈ ടീം കളിക്കുകയും ചെയ്തിരുന്നു. ഗായകന് വിജയ് യേശുദാസ് ഉള്‍പ്പെടെയുള്ള ഗായകരും ടീമിലുണ്ട്. ഗായകരും, മിനിസ്ക്രീന്‍ താരങ്ങളും മിമിക്രിക്കാരുമൊക്കെ ടീമുമായി രംഗത്തെത്തിയതോടെ കേരള സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങാനുള്ള ആലോചനയുമുണ്ട്.
അതേസമയം, കേരള സ്ട്രൈക്കേഴ്സിന്റെ ഭാവിയെക്കുറിച്ച് പ്രതികരിക്കാന്‍ ടീം മാനേജ്മെന്റിലെ മുതിര്‍ന്ന അംഗം വിസമ്മതിച്ചു. ലീഗ് നടക്കുന്ന സമയത്തു മാത്രമാണ് ടീമിന് ഓഫീസ് സംവിധാനം ഉള്ളതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടീം അടുത്ത സീസണില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.