ബിബിന്‍ സേവ്യര്‍
മുഖം മിനുക്കിയെത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ട10 ബ്ലാസ്റ്റില്‍ കപ്പടിക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിന്റെ സ്വന്തം ടീമായ അമ്മ കേരള സ്ട്രൈക്കേഴ്സ്. ആദ്യ കിരീടനേട്ടത്തിനായി കച്ചകെട്ടിയിറങ്ങുന്ന ടീമിനെ നയിക്കുന്നത് നടന് ബാലയാണ്. തൊടുപുഴ തെക്കുംഭാഗത്തെ കെസിഎയുടെ പുതിയ സ്റ്റേഡിയത്തിലെ ടീം പരിശീലനം നടത്തുന്നത്. ടീമിലെ ഒട്ടുമിക്ക അംഗങ്ങളും കഠിനപരിശീലനത്തിലാണ്. മുന്‍വര്‍ഷങ്ങളില്‍ കൈവിട്ട കിരീടം ഇത്തവണ എന്തു വിലകൊടുത്തും നേടുമെന്നാണ് ക്യാപ്റ്റന്‍ ബാലയും ടീമംഗങ്ങളും ഒരേ സ്വരത്തില്‍ പറയുന്നത്. ഈ മാസം 24ന് ഹൈദരാബാദിലെ ഉപ്പള സ്റ്റേഡിയത്തിലാണ് സിസിഎല്‍ സീസണിനു തുടക്കമാകുക. സോണി ഇഎസ്പിഎന്‍, സൂര്യ ടിവി തുടങ്ങിയ ചാനലുകളില്‍ തത്സമയ സംപ്രേക്ഷണമുണ്ട്.
വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ ലീഗ് വരുന്നത്. ട്വന്റി-20 ഫോര്‍മാറ്റില്‍ നിന്ന് കളി കുറച്ചുകൂടി മെലിഞ്ഞു. പത്ത് ഓവര്‍ (ടി10) വീതമുള്ള കളികളാണ് ഉണ്ടാവുക. സിനിമാ താരങ്ങള്‍ക്കു മാത്രമേ ടീമുകളില്‍ കളിക്കാന്‍ അനുവാദമുള്ളൂ. ടീമിലെ അംഗങ്ങളെക്കുറിച്ച് സിസിഎല്‍ അധികൃതര്‍ ചുമതലപ്പെടുത്തുന്ന പ്രത്യേക സമിതി പരിശോധിക്കും. അംഗങ്ങളുടെ വിവരങ്ങളടങ്ങിയ വിശദമായ ബയോഡേറ്റ ക്യാപ്റ്റന്മാര് സമിതിക്കു മുന്‍പാകെ സമര്‍പ്പിക്കണം. സമിതി ഇവരെക്കുറിച്ച് അന്വേഷണം നടത്തി സിനിമാ താരങ്ങള്‍ത്തന്നെയാണെന്ന് അംഗീകരിച്ചാല്‍ മാത്രമേ കളിക്കാന്‍ അനുവദിക്കുകയുള്ളൂ.
കേരള സ്ട്രൈക്കേഴ്സ്, ചെന്നൈ റൈനോസ്, കര്‍ണാടക ബുള്ഡോസേഴ്സ്, തെലുങ്കു വാരിയേഴ്സ്, ഭോജ്പുരി ദബാംഗ്സ്, ബംഗാള്‍ ടൈഗേഴ്സ്, ഷേര്‍ ദേ പഞ്ചാബ് എന്നീ ടീമുകളാണ് സിസിഎല്ലില്‍ മാറ്റുരയ്ക്കുക. തമിഴ് നടന് രാജ്കുമാര് സേതുപതിയാണ് കേരള സ്ട്രൈക്കേഴ്സ് ഉടമ. പൂച്ച സന്യാസി എന്ന സിനിമയിലൂടെ മലയാളത്തിലെത്തി അന്‍പതോളം സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള രാജ്കുമാര്, മലയാളത്തിന്റെ കമല്ഹാസന് എന്നാണ് അറിയപ്പെട്ടിരുന്നത്. പരിശീലന ചിത്രങ്ങള്‍ കാണാം.