വില്ലേജ് ഓഫീസിന്റെ ഉത്തരത്തില്‍ പൊലിഞ്ഞത് അവരുടെ പ്രതീക്ഷയായിരുന്നു. മൂന്നു പെങ്കുഞ്ഞുങ്ങളെയും കൊണ്ട് ഞാന്‍ ഇനി എന്തു ചെയ്യും എന്ന് മോളി ചോദിക്കുമ്പോള്‍ മലയാളികളുടെ നെഞ്ചു വിങ്ങുകയാണ്. ‘ഞങ്ങള്‍ക്കു പോയി അവര്‍ക്ക് എന്നാ പോകാനാ’ ഗവണ്‍മെന്റിന്റെ ശമ്പളം വാങ്ങിക്കുന്ന മനുഷ്യര്‍. നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകന്‍ കോഴിക്കോട് ചക്കിട്ടാംപാറയിയെ കാവില്‍പുരയിടം വീട്ടില്‍ ജോയിയുടെ ഭാര്യ മോളിയുടെ ചോദ്യം മനസാക്ഷിയില്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കു നേരെയാണ്.
”പല രോഗങ്ങളുടെയും അടിമയായിരുന്നു ആ മനുഷ്യന്‍. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനു പിറകെ നടക്കുന്നു. എല്ലാ രേഖയുമുണ്ട് സ്ഥലത്തിന്. എന്നു ചെന്നാലും ഒരു മാസം കഴിഞ്ഞ് വരാന്‍ പറയും. ആത്മഹത്യ ചെയ്യും എന്നു പറഞ്ഞ കത്ത് കൊടുത്തു. ഇടയ്ക്ക് ഞാനും പോകുമായിരുന്നു. നിങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തു തരാന്‍ ഞാന്‍ കാലുപിടിച്ചു പറഞ്ഞു. ഇന്നലെ പനിച്ചു കിടന്നതു കൊണ്ടാണു പോകാതിരുന്നത്” വേദനയോടെ മോളി പറയുന്നു. സരീഷാണ് കൈക്കൂലി ചോദിച്ചത്, സണ്ണി എന്ന വേറൊരു മനുഷ്യനുണ്ട എപ്പം ചെന്നാലും പിന്നെ വാ പിന്നെ വാ എന്നു മാത്രം പറയുമെന്നും മോളി പറയുന്നു. ജോയിയുടെ മരണം ഈ കുടുംബത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നികുതി സ്വീകരിക്കുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനമെടുക്കുമെന്നും ജോയിയുടെ വീട് സന്ദര്‍ശിച്ച കളക്ടര്‍ യു.വി ജോസ് അറിയിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയതോടെ വില്ലേജ് അസിസ്റ്റന്റിനെ ഇന്നു തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നും നികുതി സ്വീകരിക്കാന്‍ ഇന്ന് തന്നെ അവസരമൊരുക്കുമെന്നും കളക്ടര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ നേരത്തെയും ഇത്തരത്തില്‍ പെരുമാറിയതായി നാട്ടുകാര്‍ കളക്ടറോട് പരാതി അറിയിച്ചു. ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ കൈക്കൂലിയടക്കം ആവശ്യപ്പെട്ടതായും നാട്ടുകാര്‍ കളക്ടറെ അറിയിച്ചു. പരാതി ലഭിച്ചാല്‍ ഇത്തരം ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടാകില്ലെന്നും വില്ലേജ് ഓഫീസിലെ പ്രശ്‌നങ്ങള്‍ ഈ സംഭവത്തിന് ശേഷമാണ് താനറിഞ്ഞതെന്നും കളക്ടര്‍ പറഞ്ഞു.
ജോയിയുടെ മകള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ജോയിയുടെ കുടുംബത്തിന്റെ കടം എഴുതിത്ത്തള്ളാന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ചെമ്പനോട് താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ ഇന്നലെയാണ് ജോയി(57) തൂങ്ങി മരിച്ചത്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും നികുതി അടയ്ക്കാന്‍ അവസരമൊരുക്കുകയും ചെയ്യാതെ മൃതശരീരം നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. അതേസമയം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ വില്ലേജ് ഓഫീസറോട് അടിയന്തിരമായ വിശദീകരണം നല്‍കാന്‍ കളക്ടര്‍ ഉത്തരവിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അടിയന്തര ഇടപെടല്‍.