തിരുവന്തപുരം: 32 വര്‍ഷങ്ങള്‍ക്കു ശേഷം ദേശീയ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട കേരളത്തിന്റെ വനിത ടീം തിരുവന്തപുരത്തെത്തി. സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനിലെത്തിയ ടീമിനു സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സിലും കേരള ബാസ്കറ്റ് ബോള്‍ അസോസിയേഷനും വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
കപ്പുമായി പുതുച്ചേരിയില്‍നിന്നും എഗ്മോർ- ഗുരുവായൂര്‍ എക്സ്പ്രസിലാണ് എത്തിയത്. കേരള സ്റ്റേറ്റ് സ്പോര്‍ട്ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന് കുമാര്‍, ഭരണസമിതി അംഗം പി. ശശിധരന്, ഡോ. എം.എം. ചാക്കോ, കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് ട്രഷറര്‍ പി. ജോയ് മോന്, അസോസിയേഷന് അംഗങ്ങളായ ഫിലിപ് സക്കറിയ, ടി.സി. കോശി, ഫ്രാന്‍സിസ് അസീസി, സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ പ്രതിനിധീകരിച്ചു ജോണ്‍ മത്തായി, എം. രഞ്ജിത് എന്നിവരും സ്പോര്‍ട്സ് കൗണ്‍സിലിന്റെ താരങ്ങളും പരിശീലകരും അടങ്ങിയ വന്‍ സംഘമാണ് ടീമിനെ സ്വീകരിക്കാനെത്തിയത്.
67 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാം വട്ടം കപ്പുയര്‍ത്തിയ കേരളം ഇതിനു മുമ്പ് ചാമ്പ്യന്മാരായത് 1984-85ല്‍ കട്ടക്കിലാണ്. ഒമ്പത് വട്ടം ഫൈനലിലെത്തിയ കേരളം ഏഴു വട്ടവും വെള്ളി നേട്ടത്തിലൊതുങ്ങിയിരുന്നു. യുവത്വവും പരിചയസമ്പത്തും ചേര്‍ന്ന ടീമിലെ അഞ്ചു കളിക്കാര്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെയും രണ്ടു പേര് കേരള പോലീസിന്റെയും താരങ്ങളാണ്.
ബാക്കിയുള്ളവര്‍ അസംപ്ഷന്‍ കോളജ് ചങ്ങനാശേരി, പ്രോവിഡന്‍സ് കോളജ് കോഴിക്കോട്, സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുട, സെന്റ് സേവ്യേഴ്സ് ആലുവ എന്നിവടങ്ങളില്‍ നിന്നുമാണ്.
കെഎസ്ഇബിയും സ്റ്റെഫി നിക്സണ് എന്ന മികച്ച താരത്തിന്റെ അഭാവം കളിക്കാര്‍ തമ്മിലുള്ള ഒത്തിണക്കത്തിലൂടെ മറികടക്കാന്‍ ടീമിനു സാധിച്ചതാണ് കേരള ടീമിന്റെ വിജയം.