കൊച്ചി: തർക്കങ്ങൾ ഉണ്ടാകാം, കോടതി വിധികൽപ്പിച്ചാൽ പിന്നെ കേരളത്തിന് ഒരു ടീമേയുള്ളൂ. അത് കേരള ടീമായി അംഗീകരിക്കണം, പരിഗണനയും നൽകണം. ഹൈക്കോടതി വിധിയെത്തുടർന്ന് കേരളത്തിൽനിന്നു ദേശീയ ഗെയിംസിൽ പങ്കെടുക്കാനായി പുറപ്പെട്ട വോളിബോൾ ടീമിന് നേരിടേണ്ടിവരുന്നത് കടുത്ത അവഗണനയാണ്.
യാത്രാച്ചെലവ് നൽകിയില്ലെന്നു മാത്രമല്ല കേരളത്തിന്റെ ഔദ്യോഗിക ജഴ്സി ഉൾപ്പെടുന്ന സ്പോർട് കിറ്റുപോലും കിട്ടാതെയാണ് വോളി ടീം ഇന്നലെ ഉത്തരാഖണ്ഡിലെത്തിയത്.
മറ്റ് കേരള ടീമുകൾ ഒരേ ജഴ്സിയിൽ അണിനിരക്കുന്പോൾ വോളിബോൾ ടീം മാത്രം മറ്റൊരു ജഴ്സിയണിഞ്ഞ് വേറിട്ട് നിൽക്കേണ്ട സാഹചര്യമാണെന്ന് ടീം മാനേജർ മൊയ്തീൻ നൈന പറഞ്ഞു.
ജയ്പുരിൽ നടന്ന സീനിയർ വോളിയിൽ ചാന്പ്യന്മാരാണ് കേരള പുരുഷ ടീം. റണ്ണറപ്പായ വനിതാ ടീം പരാജയപ്പെട്ടത് കരുത്തരായ സർവീസസിനോടാണ്. സർവീസസിലുണ്ടായിരുന്ന മൂന്ന് താരങ്ങൾ ഇപ്പോൾ ദേശീയ ഗെയിംസിലേക്കുള്ള കേരള ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. 28 താരങ്ങളും എട്ട് ഒഫീഷൽസുമടങ്ങുന്നതാണ് കേരള സംഘം.
മൂന്ന് സംഘമായായിരുന്നു ടീമിന്റെ വിമാനയാത്ര. ഞായറാഴ്ച വൈകുന്നേരം 8.05 ന് പുരുഷന്മാരുടെ ആദ്യ സംഘവും 9.05 ന് രണ്ടാം സംഘവും നെടുന്പാശേരിയിൽനിന്ന് വിമാനം കയറി. അർധരാത്രി ഡൽഹിയിലെത്തി ടീം അവിടെ സ്വന്തം ചെലവിൽ റൂമെടുത്തു താമസിച്ചു.
14 പേരും നാല് ഒഫീഷൽസും അടങ്ങുന്ന വനിതാ ടീം ഇന്നലെ രാവിലെ നെടുന്പോശേരിയിൽനിന്ന് യാത്രതിരിച്ചു. ഉച്ചയോടെ ഡൽഹിയിൽ എത്തി. തുടർന്ന് 250 കിലോമീറ്റർ ബസിൽ യാത്രചെയ്താണ് മത്സരവേദിയായ രുദ്രാപുരിലെത്തിയത്.
ഔദ്യോഗിക ജഴ്സി നൽകും
വോളിബോൾ ടീമിന് സ്പോർട്സ് കിറ്റ് നൽകിയില്ലെന്ന പരാതി പരിശോധിച്ചു വരികയാണെന്നും ഒൗദ്യോഗിക ജഴ്സിയില്ലാതെ ടീം മത്സരിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സ്പോർട്സ് കൗണ്സിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്.
ടീമിന്റെ ചെലവും സ്പോർട്സ് കിറ്റും നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.
- അനിൽ തോമസ്