കേരളത്തിലെ ഇടതുപക്ഷം നിരന്തരം പരിഹസിച്ചു കൊണ്ടിരുന്ന ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഒടുവില്‍ കേരള ഗവണ്മെന്റും.
രാജ്യത്തുതന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം.
സാധാരണക്കാരുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അത് വിജയം കാണുകയും ചെയ്തു.
2019 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരല്‍ തുമ്പില്‍ സംസ്ഥാനത്തെ ഗവേര്ണന്സുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു ഇത് വിഭാവനം ചെയ്തത്.
അതായത് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് ഉള്‍പ്പടെയുള്ള കാര്യങ്ങളും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിലോ വീട്ടിലോ ഇരുന്ന് എപ്പോള്‍ വേണമെങ്കിലും വിലയിരുത്താം.
എന്തെങ്കിലും പോരായ്മ കണ്ടാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാം. കോവിഡ് കാലത്ത് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ രോഗ ബാധിതര്‍ക്ക് മികച്ച ചികിത്സ ലഭിച്ചതിന് ഒരു കാരണം ഡാഷ് ബോര്‍ഡ് പദ്ധതിയാണെന്നാണ് വിലയിരുത്തുന്നത്.
പദ്ധതിയുടെ മേന്മ വ്യക്തമായതോടെ കേന്ദ്രസര്‍ക്കാരിന്റെ ഭരണപരിഷ്കാര വകുപ്പുകള്‍ ഉള്‍പ്പടെയുള്ളവ ഡാഷ് ബോര്‍ഡ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
പദ്ധതി നിലവില്‍ വന്നതോടെ ഉദ്യോഗസ്ഥ പരിഷ്കരണം, വന്‍കിട പദ്ധതികളുടെ നടപ്പാക്കല്‍, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വ്യക്തിഗത നിരീക്ഷണം തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ സംസ്ഥാനത്തിന് കൈവരിക്കാനായി. ഒപ്പം അഴിമതിയെ പടിയ്ക്ക് പുറത്താക്കാനുമായി.
അടുത്തിടെ, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കൂടിക്കാഴ്ചയില്‍ ഡാഷ് ബോര്‍ഡ് പദ്ധതിയെക്കുറിച്ച് പരാമര്‍ശമുണ്ടായി.
തുടര്‍ന്നാണ് ഇതിനെക്കുറിച്ച് വിശദമായി പഠിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ നിന്ന് ഉന്നതതല സംഘം ഗുജറാത്തിലേക്ക് പോകുന്നത്. എന്നാല്‍ കേരളാ സംഘത്തിന്റെ യാത്രയെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിട്ടുണ്ട്.
സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ ബാക്കിപത്രമാണിതെന്നായിരുന്നു സതീശന്റെ വിമര്‍ശനം.