ദൂരങ്ങളും ഉയരങ്ങളും ബുള്ളറ്റില്‍ കീഴടക്കി അധ്യാപികയായ അമ്മയും മകളും കാഷ്മീരിൽ.
പയ്യന്നൂര്‍ മണിയറയില്‍ താമസിക്കുന്ന കാനായി നോര്‍ത്ത് യുപി സ്കൂളിലെ അധ്യാപിക അനീഷയും പയ്യന്നൂര്‍ കോളജിൽ ഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ മധുരിമയുമാണ് ബുള്ളറ്റില്‍ ജമ്മുകാഷ്മീരെന്ന ലക്ഷ്യം നേടിയത്.
കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ കാലത്തെ അടച്ചുപൂട്ടലിന്റെ മടുപ്പില്‍ ഉയര്‍ന്ന ആശയമായിരുന്നു ബുള്ളറ്റിൽ കാഷ്മീര്‍ യാത്ര.
യാത്രകളെ പ്രണയിച്ചിരുന്ന അമ്മതന്നെ ഈ ആശയം മുന്നോട്ടുവച്ചപ്പോള്‍ മകള്‍ക്കും പൂര്‍ണസമ്മതം.
എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളിലും നിലനിന്നിരുന്നതിനാല്‍ യാത്രയിലെ ബുദ്ധിമുട്ട് ഒഴിവാക്കാനായി കാഷ്മീര്‍ യാത്ര മാറ്റിവച്ച് മൈസൂരുവിലേക്ക് ബുള്ളറ്റില്‍ പോയി.
ഇത്തവണ വീണ്ടും ലോക് ഡൗണെത്തിയപ്പോഴാണ് കാഷ്മീര്‍ യാത്രയെന്ന സ്വപ്നം വീണ്ടും തളിര്‍ത്തത്.
വീട്ടുകാരുമായി ആശയം പറഞ്ഞപ്പോള്‍ പിന്തുണ ലഭിച്ചതോടെ കഴിഞ്ഞ 14 നാണ് പയ്യന്നൂരില്‍നിന്ന് ഇവര്‍ സ്വപ്നസാക്ഷാത്കാരത്തിനുള്ള യാത്രയാരംഭിച്ചത്.
ഓരോ ദിവസവും 300 മുതല്‍ 500 കിലോമീറ്റര്‍വരെ ദൂരം താണ്ടിയുള്ള ബുള്ളറ്റ് യാത്രയില്‍ ചരിത്രപ്രാധാന്യമുള്ള പല സ്ഥലങ്ങളും സന്ദർശിച്ചു.
ഏതെങ്കിലും നഗരത്തിൽ രാത്രിയിൽ എത്തുന്ന വിധത്തിലായിരുന്നു യാത്ര.
രാത്രിയിലെത്തുന്ന നഗരത്തില്‍ മുറിയെടുത്തുള്ള വിശ്രമത്തിനിടയില്‍ വീട്ടിലേക്കുള്ള വിളികളും വിശേഷങ്ങള്‍ പങ്കുവയ്ക്കലും നടത്തും. കൂടാതെ യാത്രാക്കുറിപ്പുകളും തയാറാക്കും.
കഴിഞ്ഞ ഞായറാഴ്ച ജമ്മുകാഷ്മീരിലെത്തിയ അമ്മയും മകളും അടുത്തദിവസം നാട്ടിലേക്ക് മടങ്ങും.