ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്‍പതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവല്‍ സൈറ്റായ ട്രിപ് അഡൈ്വസറിന്റെ അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്സ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശരത്കാലത്തില്‍ ഈ കേന്ദ്രങ്ങളിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡക്സ് തയാറാക്കിയത്.
2015 സെപ്റ്റംബര്‍ മുതല്‍ 2016 ഒക്ടോബര്‍ 15 വരെയുള്ള സഞ്ചാരികളുടെ എണ്ണമാണ് അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്സിന്റെ മാനദണ്ഡമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അതിരപ്പിള്ളി വെള്ളച്ചാട്ടം, വയനാട്ടിലെ ബാണാസുര സാഗര്‍, തേക്കടി പെരിയാര്‍ തടാകം, വാഗമണ്‍, മാട്ടുപ്പെട്ടി ഡാം, കോവളം ബീച്ച്, കല്‍പ്പറ്റയിലെ സൂചിപ്പാറ (സെന്റിനെല്‍റോക് വാട്ടര്‍ ഫാള്‍സ്) വെള്ളച്ചാട്ടം, കൊച്ചിയിലെ ചെറായി ബീച്ച്, കല്‍പ്പറ്റയിലെ ചെമ്പ്ര പീക് എന്നിവയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
ഗോവയിലെ അര്‍പോര സാറ്റര്‍ഡേ നൈറ്റ് മാര്‍ക്കറ്റ്, സിക്കിം ഗാംഗ്ടോക്കിലെ നാഥുലചുരം, മഹാരാഷ്ട്ര കാണ്ഡലയിലെ ലോഹ്ഘട്ട് കോട്ട, ന്യൂഡല്‍ഹിയിലെ മുഗള്‍ ഗാര്ഡന്, ഗോവ പോണ്ടായിലെ സഹാകരി സ്പൈസ് ഫാം, ആന്ധ്രയിലെ സാന്‍ കഡാപ ഗണ്ടികോട്ട ഫോര്‍ട്ട് എന്നിവയാണ് രാജ്യത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ലോകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ അതിരപ്പിള്ളി നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണെന്ന് ഇന്‍ഡക്സില്‍ ചൂണ്ടിക്കാട്ടുന്നു. അതിരപ്പിള്ളിയില്‍ സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ധന 507 ശതമാനമാണ്.
മണ്ണുകൊണ്ടുള്ള ഡാമുകളില്‍ ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയില്‍ രണ്ടാമത്തേതുമായ ബാണാസുര സാഗര്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ 136 ശതമാനമാണ് വര്‍ധന. തേക്കടി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 115 ശതമാനം വര്‍ധനയാണുള്ളത്. സെന്റിനല്‍ റോക്ക് എന്ന പേരിലും അറിയപ്പെടാറുള്ള സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ 107 ശതമാനമാണു വര്‍ധന.