കോഴിക്കോട്: വിനോദസഞ്ചാരമേഖലയുടെ ചുമതലയ്ക്കായി നിയോഗിച്ചിട്ടുള്ള ടൂറിസം പോലീസും കാക്കി അണിയണമെന്ന് ഡിജിപി. നീലനിറത്തിലുള്ള ഷര്‍ട്ടിന് പകരം കാക്കി ഷര്‍ട്ട് തന്നെ ധരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കി.
ഇതോടെ കാക്കി നിറത്തിലുള്ള പാന്റ്സും നീല നിറത്തിലുള്ള ഷര്‍ട്ടും ധരിച്ചിരുന്ന ടൂറിസം പോലീസ് പൂര്‍ണമായും കാക്കിയിലേക്ക് മാറും. പരിഷ്കരിച്ച യൂണിഫോം ഒക്ടോബർ15 മുതല്‍ നടപ്പിലാവും.
കാക്കി നിറത്തിന് പ്രാധാന്യമുള്ള യൂണിഫോം ടൂറിസം പോലീസിനും ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഡിജിപി പുതിയ യൂണിഫോം രൂപകല്പന ചെയ്തത്.
അതേസമയം സാധാരണ പോലീസുകാരുടേതില് നിന്ന് ടൂറിസം പോലീസിനെ വ്യത്യസ്തമാക്കും വിധത്തിലാണ് പുതിയ യൂണിഫോമും തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള നീല ഷര്‍ട്ടിന് പകരം കാക്കി ഷര്‍ട്ട് ധരിക്കണമെന്നാണ് നിര്‍ദേശം . ഈ ഷര്‍ട്ടിന്റെ ഇടതു കൈയില്‍ കേരള പോലീസ് എന്നും വലതുകൈയില്‍ ടൂറിസം പോലീസ് എന്നും രേഖപ്പെടുത്തിയ ബാഡ്ജ് തുന്നിച്ചേര്‍ക്കും.
ഷര്‍ട്ടിനു പുറമേ കറുത്ത നിറത്തിലുള്ള സ്ലീവ് ലെസ് ഓവര്‍കോട്ടും ധരിക്കണം. ഇതില്‍ മുന്നില്‍ ഇടതുവശത്തും പിന്നിലും വെള്ള ഫ്ലൂറസെന്റ് നിറത്തില്‍ ടൂറിസം എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കും. യൂണിഫോം രൂപകല്‍പ്പനയുമായി ബന്ധപ്പെട്ടുളള നടപടികള്‍ക്കായി പോലീസ് ആസ്ഥാനം എസ്പിയെയാണ് ചുമതലപ്പെടുത്തിയത്. ഇന്ത്യയില്‍ ആദ്യമായി വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം സംരക്ഷണ പോലീസ് സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചത് കേരളത്തിലാണ്. അടുത്തിടെ പുതുതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാപോലീസുകരെ ടൂറിസം പോലീസില്‍ വിന്യസിപ്പിച്ചിരുന്നു.
വിനോദസഞ്ചാര മേഖലയെ ആകര്‍ഷിപ്പിക്കുന്നതിനായി ടൂറിസം മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് 49 ടൂറിസ്റ്റ് സുരക്ഷാസഹായ കേന്ദ്രങ്ങള്‍ രൂപീകരിച്ചത്. ആറ് കേന്ദ്രങ്ങള്‍ കൂടി ഉടന്‍ ആരംഭിക്കും. ടൂറിസം പോലീസിന്റെയും ലോക്കല്‍ പോലീസിന്റെയും സഹകരണത്തോടെയാണ് സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
അടുത്ത ലോക ടൂറിസം ദിനം വരെയുള്ള ഒരു വര്‍ഷം വിനോദ സഞ്ചാരികളുടെ സുരക്ഷ ലക്ഷ്യമാക്കി വിവിധ പരിപാടികളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ടൂറിസം സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഇതിനു പുറമേ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പോലീസ് മ്യൂസിയവും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.