പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ ടൂറിസം മേഖല അതിജീവനത്തിനായി പാടുപെടുന്പോൾ സഞ്ചാരികളെ ഭയപ്പെടുത്തിക്കൊണ്ട് കേരളം ക്രൈം ടൂറിസത്തിലേക്ക് വഴിമാറുന്നത് ആശങ്കയും ഭീതിയുമുണർത്തുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വെച്ച് സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ കേരളത്തിൽ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ത്രീകളടക്കമുള്ള കുടുംബങ്ങൾ സന്ദർശിക്കാൻ യോഗ്യമല്ലാത്ത ഇടങ്ങളായി മാറുന്നുവെന്ന കാഴ്ചപ്പാടാണ് സൃഷ്ടിക്കുന്നത്. സാമൂഹ്യവിരുദ്ധരും സദാചാരപോലീസും ലഹരിക്കടിമപ്പെട്ടവരുമെല്ലാം ഒത്തുചേർന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ക്രൈം ടൂറിസത്തിന്റെ വേരുറപ്പിക്കുന്പോൾ യാത്രകൾ വേണ്ടെന്ന തീരുമാനത്തിലേക്ക് കുടുംബങ്ങൾ എത്തുന്നു.
പാലക്കാട് മീങ്കര ഡാമിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന തോന്നൽ ബലപ്പെടുത്തിയിട്ടുണ്ട്.
പൊതു ഇടങ്ങളിൽപോലും സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികമായി ആക്രമിക്കപ്പെടുന്ന കലികാലമാണിത്. നിർഭയയും സൗമ്യമാരും ജിഷമാരും ഉൾപ്പെടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ നമുക്കുമുന്നിൽ ഏറെ. അപ്പോൾ നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകരായ സ്ത്രീകളും പെണ്‍കുട്ടികളും എത്രമാത്രം സുരക്ഷിതരാണ് ? പ്രത്യേകിച്ച് വനപ്രദേശവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന വിനോദസഞ്ചാരസ്ഥലങ്ങളിൽ. അത് ഇക്കോ ടൂറിസം മേഖലകളാവാം, ഡാമുകളും പാർക്കുകളുമാകാം, വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യഭൂമിയാകാം. പച്ചപ്പിന്റെ സൗന്ദര്യവും കുളിരും വിശാലമായ മേച്ചിൽപ്പുറങ്ങളും മലമേടുകളും സന്ദർശകരെ മാടിവിളിക്കുന്പോൾ പോകാതിരിക്കാൻ കഴിയില്ലെന്നതു സത്യംതന്നെ. പക്ഷേ സുരക്ഷ നൽകേണ്ടവരുടെ കണ്ണുവെട്ടിച്ച് ചില അപകടങ്ങൾ ഇവിടെയും ഒളിഞ്ഞുകിടപ്പുണ്ട്.
പ്രകൃതിദത്ത അപകടങ്ങൾക്കുപുറമെ ഒളിഞ്ഞിരിക്കുന്ന ആ അപകടങ്ങൾക്ക് മാരകമായ പ്രഹരശേഷിയുണ്ട്. കണ്ണിൽ കാമവും കടിച്ചു വലിച്ചുകീറാൻ വെന്പുന്ന ദംഷ്ട്രകളും നഖങ്ങളുമുള്ള ആ മൃഗം മനുഷ്യരൂപംപൂണ്ടവർതന്നെ. ഇക്കഴിഞ്ഞദിവസം പാലക്കാടിന്റെ കിഴക്കൻ അതിർത്തിയായ മീങ്കര ഡാമിൽ പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിക്ക് സംഭവിച്ചത് സമൂഹമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതാണ്. അതെ മീങ്കരഡാം പോലുള്ള പീഡനസംഭവം ചില ഓർമപ്പെടുത്തലുകൾകൂടിയാണ്.
എന്താണ് മീങ്കര ഡാമിൽ സംഭവിച്ചത് ?
ആണ് സുഹൃത്തിനൊപ്പം കുറച്ചുനേരം ചെലവഴിക്കാനാണ് ആ പെണ്‍കുട്ടി മീങ്കര ഡാമിലെത്തിയത്. പക്ഷേ, ആ ദിനം അവൾക്കുകാത്തുവച്ചത് നടുക്കുന്ന ഓർമകളാണ്.
മീങ്കരഡാം, പാലക്കാടിന്റെ കിഴക്കൻമേഖലയും തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്നതുമായ പ്രദേശത്താണിത്. തീർത്തും വിജനമായ ഡാമും പരിസരവും . ഡാമിന്റെ മുൻഭാഗത്തുനിന്ന് അരകിലോമീറ്റർ ദൂരംവരെ ജനവാസമില്ല. ഡാം കെട്ടിന്റെ പരിസരവും ഷട്ടർഭാഗവുമെല്ലാം തീർത്തും വിജനവും മുൾചെടികളും കാടുകളാലും വനപ്രദേശത്തിനുതുല്യം.
വ്യാഴാഴ്ച പകൽനേരത്താണ് ബൈക്കിൽ അവരെത്തിയത്. കുറച്ചുനേരമിരുന്ന് സംസാരിക്കുന്പോഴാണ് അയാളെത്തിയത്. ശരവണകുമാർ എന്ന തമിഴ്നാട് സ്വദേശി. പൊള്ളാച്ചി ആളിയാർ പന്തക്കൽ അമ്മൻപതിയിൽ താമസിക്കുന്ന ഇയാൾ കുറച്ചുകാലമായി മുതലമടയിലാണ് ഭാര്യയോടും മക്കൾക്കുമൊപ്പം താമസം. നരിപ്പാറച്ചള്ളയിലെ തോട്ടത്തിൽ മേൽനോട്ട ജോലിക്കാരനാണ്. ഉച്ചയ്ക്ക് 12ന് ഡാമിൽനിന്നും മീൻപിടിക്കാനെത്തിയ ശരവണകുമാർ പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സംസാരിച്ചിരിക്കുന്നത് കണ്ടു.
പിന്നീട് സംഭവിച്ചത്
ശരവണകുമാറിലെ മൃഗതുല്യമായ മനസ് ഉണരുന്നു. ഒരു സിനിമാക്കഥയിലെ രംഗങ്ങൾപോലെയാണ് പിന്നീടെല്ലാം സംഭവിച്ചത്.
ഡാമിന്റെ സുരക്ഷാജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച്് ഇയാൾ ഇരുവരേയും പരിചയപ്പെട്ടു. സ്ഥലം സുരക്ഷിതമല്ലെന്നും മടങ്ങിപ്പോകാനും ഇവരോട് ആദ്യം നിർദേശിച്ചു. ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി. പോലീസ് വരുമെന്നുപറഞ്ഞ് പേടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇരുവരേയുംകൂട്ടി ഡാമിനുപുറത്തെ പാപ്പാൻചള്ളയിൽ എത്തി. ഇരുവരുടെയും മൊബൈൽ തിരിച്ചുനല്‍കി. ആണ്‍സുഹൃത്തിനോട് ബൈക്കിൽ പോകാൻ ഉപദേശിച്ചശേഷം പെണ്‍കുട്ടിയെ ബസിൽ കയറ്റിവിട്ടു. എന്നാൽ അടുത്തനിമിഷം ഇയാൾ ബസിനെ പിന്തുടർന്നു. ബസ് വലിയചള്ളയിൽ എത്തിയപ്പോൾ ഇയാൾ ഒപ്പമെത്തി പെണ്‍കുട്ടിയെ തിരിച്ചിറക്കി. പോലീസ് പിടിക്കാതിരിക്കാൻ സുഹൃത്തിനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ടെന്നും അവിടെ എത്തിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റി. പെണ്‍കുട്ടിയുടെ മൊബൈൽ വാങ്ങി സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
എന്നാൽ ബൈക്കുമായി ഇയാൾപോയത് ഡാമിന്റെ വിജനമായ കരടിക്കുന്നിന്റെ താഴ്ഭാഗത്തേക്കാണ്. തുടർന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. പീഡനശ്രമത്തെ എതിർത്തതോടെ മർദിക്കുകയുംചെയ്തു. ശേഷംഅവളുടെ സ്വർണമാലയും ഉൗരിയെടുത്തു. പിന്നീട് പെണ്‍കുട്ടിയെ എംപുതൂരിനടുത്ത് കനാൽ സ്റ്റോപ്പിൽ ബൈക്കിൽ ഇറക്കിവിടുകയായിരുന്നു. ഇതിനിടെ മീങ്കര ഭാഗത്തു തന്നെ തെരയുകയായിരുന്ന ആണ്‍സുഹൃത്തിനെ പെണ്‍കുട്ടി വിളിച്ചുവരുത്തി വീട്ടിലേക്കുപോയി.
പ്രതിയെ വലയിലാക്കി പോലീസ്
മാനഹാനി ഭയന്ന് അവൾ ഒളിച്ചിരുന്നില്ലെന്നതാണ് ഈ കേസിലെ വിജയവും ധീരതയും. സുഹൃത്തിനൊപ്പം കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അവർ നൽകിയ മൊഴിപ്രകാരം പോലീസ് അന്വേഷണം നടത്തി. ശരവണകുമാറിന്റെ ഭാഷയും നിറവും ബൈക്കിന്റെ നിറവുമടങ്ങിയ മൊഴികളിലൂടെുള്ള അന്വേഷണവും പരിസരവാസികളിലെ മൊഴികളും ഇയാളിലേക്കെത്തി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റംസമ്മതിച്ചു. കൊല്ലങ്കോട് സിഐ കെ.പി. ബെന്നിയുടെയും എസ്ഐ കെ.വി. സുധീഷിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച റിമാൻഡുചെയ്യുകയും ചെയ്തു.
മീങ്കരയിൽ മുന്‍പും സംഭവിച്ചു..!
കമിതാക്കളുടെ ആകർഷകകേന്ദ്രംകൂടിയായ മീങ്കരഡാം പരിസരത്ത് ഇതാദ്യത്തെ സംഭവമല്ല. ഒരുവർഷം മുന്‍പും സമാനമായ സംഭവം നടന്നു. അന്ന് കമിതാക്കൾ ഓടി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയംതേടിയതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ നടന്നില്ല. കമിതാക്കളായ മെഡിക്കൽ വിദ്യാർഥികളാണ് മൂന്നംഗസംഘത്തിന്റെ ആക്രമണത്തിനിരയായത്. രാത്രി ഇവിടെയെത്തിയ ഇവരെ മൂന്നുപേർ ഭീഷണിപ്പെടുത്തി സ്വർണവും പണവും മൊബൈലുമെല്ലാം തട്ടിപ്പറിച്ചെടുത്തു. ശാരീരിക ആക്രമണത്തിലേക്കു മുതിർന്നെങ്കിലും ഒരുവിധത്തിൽ ഓടിരക്ഷപ്പെടുകയായിരുന്നു. കേസിൽ മൂന്നുപേരെ അന്ന് പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.
പിന്നീട് പോലീസ് പട്രോളിംഗ് കാര്യക്ഷമമായതോടെ സാമൂഹ്യവിരുദ്ധശല്യം കുറഞ്ഞിരുന്നു. ഇപ്പോഴിത് വീണ്ടും വർധിച്ചിരിക്കുകയാണ്. സന്ദർശകരെ ഭീഷണിപ്പെടുത്തി പണവും മറ്റു വിലപ്പെട്ട വസ്തുക്കളും കവരുന്ന പ്രാദേശിക സംഘങ്ങൾ ഇവിടെയുണ്ടെന്ന് നാട്ടുകാർതന്നെ പറയുന്നു.
സുരക്ഷയുണ്ട്…എങ്കിലും കരുതിയിരിക്കണം
പോലീസ്, വനംവകുപ്പ്, ഹോം ഗാർഡുകൾ, ഡാം സുരക്ഷാജീവനക്കാർ എന്നിവരാണ് ഇത്തരം വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പലഘട്ടങ്ങളിലായി സന്ദർശകർക്ക് തുണയായിട്ടുണ്ടാകുക. ചിലയിടങ്ങളിൽ എല്ലാവരുടെയും സേവനമുണ്ടാകില്ല.
മലന്പുഴപോലെ തിരക്കേറിയ വിനോദസഞ്ചാര ഇടങ്ങളിൽ പോലീസിന്റെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും കൃത്യമായ മേൽനോട്ടവും സുരക്ഷാറോന്തുചുറ്റലുമുണ്ട്. ഇതിനാൽ സ്ത്രീകൾക്കുനേരെ അക്രമം ഇവിടങ്ങളിലില്ല. വാളയാർ ഡാമിൽ പോലീസിനേക്കാളുപരി വനംവകുപ്പിന്റെകൂടി മേൽനോട്ടമുള്ളതിനാൽ ഇത്തരം അനിഷ്ടസംഭവങ്ങൾ വാളയാറിലുമില്ല. ചുള്ളിയാർഡാമിൽ ഇപ്പോൾ നവീകരണപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ തുറസായ പ്രദേശവും സുരക്ഷാവേലികളും സന്ദർശകർക്കു സുരക്ഷയൊരുക്കുന്നു.
കാഞ്ഞിരപ്പുഴഡാമിൽ അടുത്തിടെ പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നാട്ടുകാരുടെ ഇടപെടലാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലേക്കും വിജനമായ ഇടങ്ങളിലേക്കും സുരക്ഷിതമെന്ന് തോന്നിയാൽപോലും ഒറ്റയ്ക്കുപോകരുത്. ജീവനക്കാരുടെ നിർദേശങ്ങൾ ഇക്കാര്യത്തിൽ പാലിക്കുകമാത്രമേ വഴിയുള്ളൂ. ഇതു ലംഘിച്ചുപോകുന്നവരാണ് പലപ്പോഴും അപകടങ്ങളിൽപെടുന്നത്. ഒരു മുൾച്ചെടിയുടെയോ ഇലക്കാടിന്റെ മറവിലോ ദംഷ്ട്രകൾ വിടർത്തി ചില ചെന്നായ്ക്കൾ കാത്തിരിപ്പുണ്ടാവാം….
പ്രിയപ്പെട്ട വിനോദസഞ്ചാരികളെ ഓർക്കുക…
കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന ഭീതിപരത്തി ടൂറിസം മേഖലയെ തളർത്തുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. ഇതൊരു മുന്നറിയിപ്പാണ്. പാലക്കാടും തൃശൂരും തിരുവനന്തപുരവും കോഴിക്കോടും എന്നുവേണ്ട കേരളത്തിന്റെ ഏതുഭാഗത്തു വേണമെങ്കിലും ഇന്നോ നാളെയോ സംഭവിക്കാനിടയുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് മാത്രം…
വേട്ടക്കാരന്റെ വരവ്, പ്രകൃതി ഇരയ്ക്ക് മുൻകൂട്ടി അറിവുകൊടുക്കും പോലൊരു മുന്നറിയിപ്പ്…
എം.ടി വാസുദേവൻ നായർ രചിച്ച താഴ്വാരം എന്ന സിനിമയിൽ മോഹൻലാൽ പറയുന്നുണ്ട്…
കൊല്ലാൻ അവൻ ശ്രമിക്കും…ചാവാതിരിക്കാൻ
ഞാനും….
സി. അനിൽകുമാർ