യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകള്‍ക്ക്.
രാജ്യത്തോടുന്ന 23 വന്ദേഭാരത് ട്രെയിനുകളില്‍, മികച്ച പ്രകടനം കാഴ്ചവച്ചത് കാസര്‍ഗോഡ്-തിരുവനന്തപുരം ട്രെയിനാണ്.
തൊട്ടുപിന്നിലുള്ളത് തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരതും. റെയില്‍വേയാണ് ഈ വിവരം പുറത്തുവിട്ടത്.
കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരതില്‍ നിലവില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ ഏകദേശം ഇരട്ടിയോളം ആള്‍ക്കാരാണ് യാത്രചെയ്യാനായി കാത്തിരിക്കുന്നത്(ഒക്യുപെന്‍സി നിരക്ക് 183 ശതമാനം).
തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരതില്‍ ഒക്യുപെന്‍സി നിരക്ക് 176 ശതമാനമാണ്. മൂന്നാം സ്ഥാനത്തുള്ളത് ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസാണ്. 134 ശതമാനമാണ് ഇതിന്റെ ഒക്യുപെന്‍സി നിരക്ക്.
ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് വന്ദേഭാരത് ട്രെയിനുകള്‍ ഔദ്യോഗികമായി കേരളത്തില്‍ ഓടിത്തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം യാത്രക്കാര്‍ വന്ദേഭാരതിനെ സ്വീകരിക്കുമോ എന്ന് തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ അതെല്ലാം അസ്ഥാനത്താണെന്ന് ആദ്യ ആഴ്ചകളില്‍ തന്നെ വ്യക്തമായി. ഏപ്രില്‍ 28 മുതല്‍ മേയ് മൂന്നുവരെ ടിക്കറ്റിനത്തില്‍ മാത്രം നേടിയത് 2.7കോടിരൂപയായിരുന്നു.
മികച്ച സൗകര്യങ്ങളും വേഗതയുമാണ് വന്ദേഭാരതിനെ യാത്രക്കാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.
ഇതിനൊപ്പം മികച്ച സുരക്ഷാ സംവിധാനങ്ങളും വന്ദേഭാരതിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കാരണമായി.