തൃശൂർ: കേരളവർമ കോളജിൽ പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ നടത്താൻ ശ്രമിച്ച എബിവിപി പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യാൻ കോളജ് സ്റ്റാഫ് കൗണ്‍സിൽ തീരുമാനിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഒരു മാസത്തേക്കാണ് ഇവരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അച്ചടക്ക സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിശദമായ അന്വേഷണം നടത്താനും സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കെതിരെയും നടപടിയെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ക്ലാസ് മുറിയിൽനിന്നും വലിച്ചിറക്കി സംഘം ചേർന്നാണ് മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.