കൽപ്പറ്റ: സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വാറ്റ് (വാല്യു ആഡഡ് ടാക്സ്)ന്റെ പേരിൽ സർക്കാർ നടത്തുന്ന പിടിച്ചുപറി അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. സർക്കാരിന്റെ ദൂർത്തും കെടുകാര്യസ്ഥതക്കും വ്യാപാരികളെ ചൂഷണം ചെയ്യുന്നത് ശരിയായ നടപടിയല്ല. രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോൾ കേരളം ഒഴികെയുള്ള മറ്റ് 28 സംസ്ഥാനങ്ങളും വാറ്റ് നികുതിയുമായി ബന്ധപ്പെട്ട കേസുകളും കുടിശിഖകളും ഒഴിവാക്കി.
2005ൽ കേരളത്തിലെ വ്യാപാര സമൂഹത്തിന്റെ എതിർപ്പ് അവഗണിച്ചാണ് വാറ്റ് നടപ്പാക്കിയത്. സുതാര്യവും ലളിതവുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് നടപ്പാക്കിയ സന്പ്രദായം സങ്കീർണവും വ്യാപാര വിരുദ്ധവുമായിരുന്നു. 2011-12 മുതൽ 2018വരെയുള്ള വർഷങ്ങളിലെ നികുതി റിട്ടേണിൽ നിയമാനുസൃതമായ രേഖകൾ നൽകിയില്ലെന്ന് ആരോപിച്ച് പിഴയിട്ട് നോട്ടീസ് അയക്കുന്ന ധനമന്ത്രി കേരളത്തിലെ ഏറ്റവും വലിയ പിടിച്ചുപറിക്കാരനാണ്.
വ്യാപാരികളെ ചൂഷണം ചെയ്യുന്നതിന് ഉദ്യാഗസ്ഥർ മുൻവർഷങ്ങളിൽ ബോധപൂർവം ഫയലുകൾ പരിശോധന നടത്താതെ മാറ്റിവച്ച് നിയമാനുസൃത രേഖകളുടെ അഭാവവും മറ്റ് ന്യൂനതകളും കാണിച്ച് വൻ തുക പിഴ ഈടാക്കാൻ ശ്രമിക്കുകയാണ്. ഇത് ചോദ്യം ചെയ്യുന്നവരെ ജപ്തിക്ക് വിധേയമാക്കുന്ന നടപടികളെ വ്യാപാര സമൂഹം ശക്തമായി എതിർക്കും.
വാറ്റ് ചുമത നിർവഹണത്തിൽ വാഴ്ച വരുത്തി സർക്കാരിന് നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക ഈടാക്കണം. വ്യാപാരികൾ നൽകുന്ന സ്വയം പരിശോധന റിപ്പോർട്ടുകൾ ആറ് മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ പരിശോധിച്ച് വ്യാപാരിക്ക് അസസ്മെന്റ് ഓഡർ നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്.
എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തി വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാടാണ് ധനമന്ത്രി സ്വീകരിക്കുന്നത്.
നികുതി വരുമാനം വർധിപ്പിക്കാൻ കേന്ദ്ര നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അനാവശ്യ ചട്ടങ്ങളുണ്ടാക്കി വ്യാപാരികളെ ദ്രേഹിക്കുന്നത് ധനമന്ത്രി അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി.