ഓള് ഇന്ത്യ പെര്മിറ്റ് വാഹനങ്ങള്ക്ക് വിലക്കേര്പ്പെടുത്താനൊരുങ്ങി കേരളം. നവംബര് ഒന്നു മുതല് ഇത്തരം പെര്മിറ്റിലുള്ള വാഹനങ്ങള് സംസ്ഥാനത്തേക്ക് കടക്കണമെങ്കില് പ്രത്യേകം നികുതി നല്കേണ്ടിവരും.
നികുതി നല്കിയില്ലെങ്കില് നവംബര് ഒന്നുമുതല് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് മോട്ടോര്വാഹനവകുപ്പ് അധികൃതര് അറിയിച്ചു.
കേന്ദ്രീകൃത പെര്മിറ്റ് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്ക്കാര് 2021-ല് ടൂറിസ്റ്റ് വാഹനങ്ങള്ക്കും ഓള് ഇന്ത്യാ പെര്മിറ്റ് സംവിധാനം കൊണ്ടുവന്നത്.
വാഹന ഉടമകളില്നിന്ന് പണംവാങ്ങി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പെര്മിറ്റ് നല്കും.
ഈ തുക പിന്നീട് കേന്ദ്രസര്ക്കാര് വിവിധ സംസ്ഥാനങ്ങള്ക്ക് വീതിച്ചുനല്കും. ഇത് മൂലം സംസ്ഥാനങ്ങള്ക്ക് നികുതി നഷ്ടം ഉണ്ടാകുന്നു എന്ന വാദം സജീവമാണ്.
സംസ്ഥാനത്തുള്ള ചില ഓപ്പറേറ്റര്മാര് നാഗലാന്ഡ്, ഒഡിഷ, അരുണാചല്പ്രദേശ് എന്നിവിടങ്ങളില് വാഹനങ്ങള് രജിസ്റ്റര്ചെയ്തശേഷം ഓള് ഇന്ത്യാ പെര്മിറ്റ് എടുത്ത് കേരളത്തിലേക്ക് ഓടുന്നതായി മോട്ടോര്വാഹനവകുപ്പ് കണ്ടെത്തിയിരുന്നു.
ഈ വാഹനങ്ങള് സംസ്ഥാനത്തേക്ക് രജിസ്ട്രേഷന് മാറ്റണമെന്ന് നിര്ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്ക്കാര് ഓള് ഇന്ത്യാ പെര്മിറ്റ് ഏര്പ്പെടുത്തിയത്.
വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതിവ്യവസ്ഥകള് കാരണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു പുതിയ സംവിധാനം. സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് വിലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്.
നവംബര് ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷന് മാറ്റിയില്ലെങ്കില് കേരള മോട്ടോര് വാഹന ടാക്സേഷന് നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാന്സ്പോര്ട്ട് കമ്മിഷണര് അറിയിച്ചു.
രജിസ്ട്രേഷന് മാറ്റുകയോ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങള് ചൊവ്വാഴ്ച മുതല് സര്വീസ് നടത്താനും അനുവദിക്കില്ല.
തമിഴ്നാട് ഉള്പ്പെടെ ചില സംസ്ഥാനങ്ങള് ഇതിനോടകം ഇത്തരം നികുതി ഏര്പ്പെടുത്തിയതായി സൂചനയുണ്ട്.
അതേസമയം കേരളത്തില് നികുതി അടയ്ക്കണമെന്ന പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി ടൂറിസ്റ്റ് ബസ് ഉടമകള് രംഗത്തെത്തി.
അന്തര് സംസ്ഥാന യാത്രകള് സുഗമമാക്കുന്നതിന് കേന്ദ്രം ആവിഷ്കരിച്ച ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്മിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള സംസ്ഥാന സര്ക്കാര് നീക്കം അംഗീകരിക്കാന് കഴിയില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്.
നിയമം പ്രാബല്യത്തിലാക്കി ഒന്നര വര്ഷത്തിനുശേഷം തമിഴ്നാട്ടില് നികുതി പിരിക്കുന്നുവെന്ന കാരണം പറഞ്ഞ് കേരളത്തിലെ നികുതി പിരിക്കാനുള്ള മോട്ടോര് വാഹന വകുപ്പിന്റെ നടപടി അംഗീകരിക്കില്ലെന്നാണ് ടൂറിസ്റ്റ് ബസ് ഉടമകളുടെ വാദം.
കേന്ദ്ര നിയമങ്ങള്ക്ക് വിരുദ്ധമായി ഇരട്ട നികുതി പിരിക്കാനുള്ള സംസ്ഥാന സര്ക്കാരിന്റെ നടപടിക്കെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാന് ഒരുങ്ങുകയാണ് ടൂറിസ്റ്റ് ബസ് ഉടമകള് എന്നാണ് റിപ്പോര്ട്ടുകള്.