ഇന്ന് മാര്‍ച്ച് എട്ട്. വീണ്ടുമൊരു അന്താരാഷ്ട്ര വനിതാ ദിനം കൂടി. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി, വനിതകളുടെ ഉന്നമനം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരും വ്യത്യസ്തമായ രീതിയില്‍ ഈ വനിതാ ദിനാഘോഷത്തിന്റെ ഭാഗമാവുകയാണ്. ഇതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളുടെ ഭരണവും ചുമതലയും ഇന്ന് പൂര്‍ണ്ണമായും വനിത പോലീസുകാര്‍ക്ക് ആയിരിക്കും.
പരമാവധി പോലീസ് സ്റ്റേഷനുകളില്‍ എസ്ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിക്കണമെന്ന് ലോകനാഥ് ബെഹ്റ നിര്‍ദേശിച്ചു. പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണം.
ഒന്നിലധികം വനിതാ എസ്ഐമാരുള്ളിടത്തു നിന്ന് അധികമുള്ളവരെ സമീപ സ്റ്റേഷനുകളില്‍ നിയോഗിക്കും. വനിതാദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടിയില്‍ സഹകരിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.