കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ താമരവസന്തം ലക്ഷ്യമിട്ട് യാത്രക്കൊരുങ്ങി സംസ്ഥാന നേതൃത്വം.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളേയും ഉള്‍പ്പെടുത്തി കേരള യാത്ര സംഘടിപ്പിക്കാന്‍ കേന്ദ്രനേതൃത്വം അനുമതി നല്കി.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന യാത്ര ഫെബ്രുവരി രണ്ടാംവാരത്തോടെ ആരംഭിക്കും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന നേതാക്കളെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
അങ്കത്തിനൊരുങ്ങി
പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്ന സന്ദേശം നല്‍കും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും ആ ജില്ലയിലുള്ള ബിജെപിയുടെ പ്രധാന നേതാക്കള്‍ക്കായിരിക്കും യാത്രാ സ്വീകരണങ്ങളുടെ ചുമതല.
ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്കി. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര നടത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും യാത്രയ്ക്കുള്ള അനുമതി വാങ്ങുകയുമായിരുന്നു.
അഴിമതി ചർച്ചാവിഷയം
സ്വര്ണക്കടത്തുള്പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയും പ്രതിപക്ഷത്തിന്റെ അഴിമതിയും യാത്രയിലുടനീളം ചര്‍ച്ചാ വിഷയമാക്കി മാറ്റും.
കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചും വായ്പാ പദ്ധതികളെ കുറിച്ചും യാത്രയില്‍ പ്രതിപാദിക്കുകയും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി മാറ്റുകയും ചെയ്യും. യാത്രാ നടത്തിപ്പിനുള്ള ഫണ്ട് ജില്ലാ കമ്മിറ്റികളോടു കണ്ടെത്താനും സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.
നേതാക്കള്‍ക്ക് പുതിയ പാഠം
തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കള്‍ക്കു നിര്‍ദേശം നല്കാന് ശില്‍പ്പശാലകളുമായി ബിജെപി. തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനുള്ള ഊര്ജമുള്പ്പെടുത്തിക്കൊണ്ടാണ് സംസ്ഥാനത്തെ 340 നേതാക്കള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ 170 നേതാക്കള്‍ക്കുള്ള പരീശിലനം ഏറ്റുമാനൂരില്‍ നടത്തി. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള പരിശീലനം കോഴിക്കോട് നടക്കും.
ശില്‍പ്പശാലയില്‍ പങ്കെടുത്ത നേതാക്കള്‍ നിയമസഭാ മണ്ഡലങ്ങളിലെത്തി ഭാരവാഹികള്‍ക്ക് ക്ലാസെടുക്കും.