കോട്ടയം: സംശുദ്ധം -സദ്ഭരണം എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. 14നു രാവിലെ 9.30ന് ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിലെത്തുന്ന യാത്രയെ ജില്ലയിലെ യുഡിഎഫ് നേതാക്കൾ സ്വീകരിക്കും.
തുടർന്ന് 10നു പാലാ, 11നു പൂഞ്ഞാർ, ഉച്ചകഴിഞ്ഞ് മൂന്നിന് കറുകച്ചാൽ, നാലിനു പാന്പാടി, അഞ്ചിനു ചങ്ങനാശേരി എന്നിവിടങ്ങലിലെ പര്യടനത്തിനു ശേഷം വൈകുന്നേരം ആറിനു. കോട്ടയത്തു സമാപിക്കും.
15നു രാവിലെ 10നു ഏറ്റുമാനൂരിൽ നിന്നും ആരംഭിക്കുന്ന ജാഥാ പര്യടനം 11ന് കടുത്തുരുത്തിയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് 12ന് വൈക്കത്തെ പൊതുയോഗത്തോടു കൂടി ജില്ലയിലെ പര്യടനം പൂർത്തിയാക്കി അരൂർ വഴി ആലപ്പുഴ ജില്ലയിൽ കടക്കും.
യാത്രയെ വരവേല്ക്കുവാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി യുഡിഎഫ് ജില്ലാ ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയും ജില്ലാ കണ്‍വീനർ ജോസി സെബാസ്റ്റ്യനും അറിയിച്ചു.
സീറ്റ് വിഭജന ചർച്ചകളും നടക്കും
കോട്ടയം: ഐശ്വര്യകേരള യാത്ര കോട്ടയം ജില്ലയിലെത്തുന്പോൾ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള സീറ്റുവിഭജന ചർച്ചയും കോണ്‍ഗ്രസ് നടത്തും. ജോസഫ് ഗ്രൂപ്പ് ഏറ്റവും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്ന ജില്ലകളിലൊന്നാണ് കോട്ടയം.
14നു രാവിലെ പാലായിലാണ് ജാഥയുടെ ആദ്യ സ്വീകരണം. അന്നു വൈകുന്നേരം കോട്ടയത്ത് തങ്ങുന്ന ജാഥാ ക്യാപ്റ്റനും യുഡി എഫിന്റെ മറ്റു നേതാക്കളും പി.ജെ.ജോസഫ്, മോൻസ് ജോസഫ്, ജോയി ഏബ്രഹാം എന്നിവരെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ഇന്നലെ ആലുവയിൽ ചർച്ച നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. കോട്ടയത്തെ ചർച്ചയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ എന്നിവരും പങ്കെടുക്കും.
മാണി സി. കാപ്പൻ യുഡിഎഫിൽ എത്തിയാൽ പാലാ സീറ്റിൽ മത്സരിപ്പിക്കുന്ന കാര്യവും ചർച്ച ചെയ്യും.