കോട്ടയം: സംസ്ഥാനത്ത് ഉടമസ്ഥരില്ലാതെ ഭീതിപരത്തുന്ന നായ്ക്കളെ പരിശോധനയ്ക്കു ശേഷം മൃഗശാലകളിലെ മാംസഭോജികളായ മൃഗങ്ങൾക്കു ഭക്ഷണമാക്കി നൽകാൻ തീരുമാനമെടുക്കണമെന്നു കേരള യൂത്ത്ഫ്രണ്ട് -എം.
സംസ്ഥാന കമ്മിറ്റി തയാറാക്കിയ നായശല്യം പരിഹരിക്കാനുള്ള നിർദേശങ്ങളടങ്ങിയ നിവേദനം പ്രസിഡന്റ് അഡ്വ.റോണി മാത്യു സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിനു കൈമാറി.
മൃഗശാലയിൽ ഉൾപ്പെടെയുള്ള സംരക്ഷിത മേഖലയിലുള്ള മാംസഭോജികളായ മൃഗങ്ങൾക്കു ഭക്ഷണത്തിനായി ഭാരിച്ച സാന്പത്തികമാണ് ചെലവഴിക്കുന്നത്.
നായ്ക്കളെ നൽകിയാൽ ആ ചെലവ് ഒഴിവാക്കാം. വീട്ടിലെ നായ്ക്കളുടെയും പൂച്ചകളുടെയും സെൻസസും അവയുടെ ലൈസൻസിംഗ് സിസ്റ്റവും കർശനമാക്കണം.
ലൈസൻസ് ഉള്ള പൂച്ചകളും നായകളും പൊതുനിരത്തിൽ വരികയാണെങ്കിൽ ഉടമസ്ഥർക്കെതിരേ പിഴയോടു കൂടിയ ശിക്ഷ നടപ്പിലാക്കണം തുടങ്ങിയ നിർദേശങ്ങളാണ് യൂത്ത്ഫ്രണ്ട് -എം സംസ്ഥാന കമ്മിറ്റി മന്ത്രിക്കു നൽകിയ നിവേദനത്തിലുള്ളത്.
പ്രമോദ് നാരായൺ എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു നിവേദനം കൈമാറിയത്. സംസ്ഥാന ഭാരവാഹികളായ സിറിയക് ചാഴികാടൻ, ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, എസ്. അയ്യപ്പൻപിള്ള, തോമസ് ഫിലിപ്പോസ്, അഖിൽ ബാബു, ബിൻസൻ ഗോമസ്, അനിൽ എഡ്വേർഡ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.