അതിരന്പുഴ: അതിരന്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിൽ തമ്മിലടി. എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യമുന്നണിയിലും യുഡിഎഫ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി യിലും കേരള കോണ്‍ഗ്രസ്-എം പ്രവർത്തകർ മത്സരിക്കുന്നത് തടയാൻ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് കഴിയാതെ വന്നതോടെ പാർട്ടിക്കുള്ളിൽ ചേരിപ്പോര് ശക്തമാണ്.
ഏറ്റുമാനൂർ ബ്ലോക്ക് അംഗം സജി തടത്തിൽ, പഞ്ചായത്ത് അംഗം ആനി ലൂക്കോസ്, നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, പഞ്ചായത്ത് വൈസ്പ്രസിഡന്റും മണ്ഡലംപ്രസിഡന്റുമായ ജോഷി ഇലഞ്ഞിയിൽ, ജിജി ടോമി ആലഞ്ചേരി, യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷിജോ ഗോപാലൻ എന്നിവരാണ് എൽഡിഎഫിന്റെ സഹകരണ ജനാധിപത്യ മുന്നണി യിൽ മത്സരിക്കുന്നത്.
സിപിഎം നാല്, ജനാധിപത്യ കേരള കോണ്‍ഗ്രസ് – രണ്ട്, ജനതാദൾ-ഒന്ന് എന്നിങ്ങനെയാണു മറ്റു കക്ഷികൾക്ക് ലഭിച്ചിരിക്കുന്ന സീറ്റുകൾ. കേരള കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക ഭാരവാഹികളിൽ കൂടുതൽ പേരും സഹകരണ ജനാധിപത്യമുന്നണിക്കൊപ്പമാണു മത്സരിക്കുന്നത്.
കേരള കോണ്‍ഗ്രസ് യുഡിഎഫിൽ എത്തിയതോടെ യുഡിഎഫ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയിലും പാർട്ടി പ്രവർത്തകർ മത്സരിക്കുന്നുണ്ട്. നിലവിലെ ബാങ്ക് അംഗങ്ങളും കേരള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളും ഇതിൽ ഉൾപ്പെടുന്നു. ജെ. ജോസ്, കെ.പി. ദേവസ്യ, ജെയ്സണ്‍ ജോസഫ് ഒഴുകയിൽ, ആൻസ് വർഗീസ് ആലഞ്ചേരിയിൽ എന്നിവരാണു മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് അഞ്ച്, കോണ്‍ഗ്രസ് ഏഴ്, മുസ്ലിം ലീഗ് ഒന്ന് എന്നിങ്ങനെയാണു മത്സരിക്കുന്നത്.
അതിരന്പുഴയിൽ പാർട്ടി രണ്ടു മുന്നണിക്കൊപ്പം മത്സരിക്കുന്നത് ഒഴിവാക്കാൻ നേതൃത്വം പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എതിർചേരിയിൽ മത്സരിക്കുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി കേരള കോണ്‍ഗ്രസ് അതിരന്പുഴ മണ്ഡലംപ്രസിഡന്റും എൽഡിഎഫിനൊപ്പം മത്സരിക്കുന്നയാളുമായ ജോഷി ഇലഞ്ഞിയിൽ പറഞ്ഞു.
എന്നാൽ നിയോജകമണ്ഡലം, മണ്ഡലം ഭാരവാഹികൾ പാർട്ടി നയത്തിനെതിരെയാണു മത്സരിക്കുന്നതെന്നും ഇക്കാരണത്താൽ എൽഡിഎഫിനൊപ്പം മത്സരിക്കുന്നവരെ പാർട്ടിയിൽനിന്നും പുറത്താക്കിയതായി കെ.പി. ദേവസ്യയും പറഞ്ഞു. കേരള കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എത്തിക്കുവാൻ ഇരുനേതൃത്വവും ശ്രമിക്കുന്നുണ്ടെങ്കിലും ആരും എത്തുകയില്ല.
56 വർഷം മുന്‍പ് ആരംഭിച്ച അതിരന്പുഴ സർവീസ് സഹകരണ ബാങ്ക് ഇതുവരെ യുഡിഎഫ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയാണ് ഭരിച്ചത്. കഴിഞ്ഞ തവണ മത്സരിച്ചു വിജയിച്ചവർ ഇത്തവണ മാറണമെന്നും മറ്റുള്ളവർക്ക് അവസരം കൊടുക്കണമെന്നുള്ള ആവശ്യം നിരാകരിക്കുകയും കൂടുതൽ സീറ്റുകൾ വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം യുഡിഎഫ് തള്ളുകയായിരുന്നു.
ഇതാണു ഒരുവിഭാഗം എൽഡിഎഫിനൊപ്പം പോകുവാൻ ഇടയാക്കിയതെന്നു പറയുന്നു. എന്നാൽ ഇതുവരെ ഭരണം ലഭിക്കാത്ത അതിരന്പുഴ സർവീസ് സഹകരണ ബാങ്കിൽ കേരള കോണ്‍ഗ്രസിനെ ഭിന്നിപ്പിച്ചു ഒപ്പംകൂട്ടി വിജയിക്കാമെന്നുള്ള എൽഡിഎഫിന്റെ തീരുമാനാണു ഒരുവിഭാഗം കേരള കോണ്‍ഗ്രസിന് സീറ്റ് നൽകി മത്സരത്തെ നേരിടുന്നത്.
കേരള കോണ്‍ഗ്രസിനു സീറ്റു നൽകിയതിൽ പ്രതിഷേധിച്ച് മുന്നണിയിൽനിന്നും സിപിഐ പിൻമാറി. പ്രഫ. ജെ. ജോസ്, പി.വി. തങ്കച്ചൻ തുരുത്തുമാലിൽ എന്നിൽ ഇരുമുന്നണിക്കുമെതിരെ മത്സരിക്കാൻ രംഗത്തുണ്ട്.