കോട്ടയം: ജോസ് കെ. മാണിയെ അനുകൂലിക്കുന്ന വിഭാഗം ചെയർമാനായി അദ്ദേഹത്തെ തെരഞ്ഞെടുത്തതോടെ കുറെ മാസങ്ങളായി കേരള കോൺഗ്രസ്-എമ്മിൽ പുകഞ്ഞുനിന്നിരുന്ന അധികാര തർക്കം പുതിയ വഴിത്തിരിവിലെത്തി. ഇതുവരെ ചെയർമാൻ ആരെന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളായിരുന്നു പ്രധാനമെങ്കിൽ ഇനി ഒരുവിഭാഗം തെരഞ്ഞെടുത്ത ചെയർമാന്റെ ആധികാരികതയെച്ചൊല്ലിയുള്ള തർക്കങ്ങളാണ് വരാനുള്ളതെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിൽനിന്നുള്ള സൂചന.
വിവിധ തലങ്ങളിൽ മധ്യസ്ഥശ്രമങ്ങളും ചർച്ചകളും നടക്കുന്നതിനിടയിൽതന്നെ ജോസ് കെ.മാണിയെ അനുകൂലിക്കുന്നവരും പി.ജെ.ജോസഫിനെ അനുകൂലിക്കുന്നവരും അവരുടേതായ രീതിയിൽ സമാന്തര നീക്കങ്ങൾ നടത്തിയിരുന്നു എന്നതാണ് യാഥാർഥ്യം. അതിന്റെ ബാക്കിപത്രമാണ് ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റിയോഗം വിളിക്കലും ചെയർമാനെ തെരഞ്ഞെടുക്കലും.
പാർട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ചു ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റിയിലെ 127 അംഗങ്ങൾ ഒപ്പിട്ട രേഖാ മൂലമുള്ള കത്തു കഴിഞ്ഞ മൂന്നിനു വർക്കിംഗ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർക്കു കൈമാറിയിരുന്നതായി ജോസ് കെ. മാണിയെ അനൂകൂലിക്കുന്നവർ പറയുന്നു.
കത്ത് കിട്ടിയിട്ടും സമയപരിധിക്കുള്ളിൽ പി.ജെ. ജോസഫ് യോഗം വിളിക്കാത്ത സാഹചര്യത്തിലായിരുന്നു സംസ്ഥാന കമ്മിറ്റിയംഗങ്ങളിലെ മുതിർന്ന നേതാവായ പ്രഫ. കെ.എ.ആന്റണിയുടെ നേതൃത്വത്തിൽ ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാൻ ജോസ് കെ. മാണി നിർദേശം നൽകിയത്. ഇതനുസരിച്ച് എല്ലാ സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കും കൃത്യമായ അറിയിപ്പും നൽകി.
ശക്തിപ്രകടനം
യോഗം ഇന്നലെ ഉച്ചകഴിഞ്ഞു ചേരുന്നതിനു മുന്പും യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ ഭാഗത്തുനിന്നും മധ്യസ്ഥ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഫലവത്തായില്ല. ഇന്നലെ ഉച്ചവരെ ഇരുവിഭാഗവും എതിർപക്ഷത്തെ നേതാക്കളെ സ്വന്തം പാളയങ്ങളിലെത്തിക്കാൻ കൊണ്ടുപിടിച്ചു ശ്രമിച്ചിരുന്നു.
ജോസഫ് വിഭാഗത്തിന്റെ ഭാഗത്തുനിന്നു പ്രതിഷേധത്തിനു സാധ്യതയുണ്ടായിരുന്നതിനാൽ സംസ്ഥാന സമിതി യോഗം നടക്കുന്ന ഹാളിലേക്കു പരിശോധനയ്ക്കു ശേഷമാണ് അംഗങ്ങളെ കടത്തിവിട്ടത്. റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേതൃത്വത്തിൽ ജോസ് കെ. മാണിയുടെ വിശ്വസ്തതരായ നേതാക്കളാണു യോഗത്തിനു ചുക്കാൻ പിടിച്ചത്.
നിശ്ചയിച്ചതിലും 45 മിനിറ്റ് വൈകി 2.45ന് യോഗം ആരംഭിച്ചപ്പോൾ തന്നെ ഹാളിനു വെളിയിലും പുറത്തും പ്രവർത്തകർ നിറഞ്ഞിരുന്നു. യോഗത്തിനെത്തിയ ജോസ് കെ. മാണിയെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് ഹാളിലേക്കു കയറ്റിയത്. യോഗശേഷം പാർട്ടി ഓഫീസിലേക്കു തുറന്ന ജീപ്പിൽ ശക്തിപ്രകടനമായി പോകാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കുറച്ചു ദൂരം ജീപ്പിൽ കയറിയതിനു ശേഷം എംപിയുടെ കാറിൽ പെട്ടെന്നുതന്നെ ഓഫീസിലെത്തി ചാർജ് എടുക്കുകയായിരുന്നു.
കമ്മീഷനു മുന്നിൽ
ഇലക്ഷൻ കമ്മീഷൻ ആരെ അംഗീകരിക്കും എന്നതാണ് ഇരുകൂട്ടരെയും അലട്ടുന്ന മറ്റൊരു പ്രശ്നം. ഇലക്ഷൻ കമ്മീഷൻ പ്രാഥമികമായി പരിഗണിക്കുക ഓരോ വിഭാഗത്തിലുമുള്ള പാർലമെന്ററി പാർട്ടി അംഗങ്ങളുടെ എണ്ണമായിരിക്കും. അതിൽ ആദ്യം ലോക്സഭയിലും പിന്നെ നിയമസഭയിലും ഉള്ള അംഗങ്ങളുടെ എണ്ണമായിരിക്കും പരിഗണിക്കുന്നത്.
മറ്റൊരു ഘടകം കേരള കോണ്ഗ്രസ് ഭരണഘടനയാണ്. ഭരണഘടനാ പ്രകാരം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന കമ്മിറ്റിക്കാണ്. 450 അംഗങ്ങളുള്ളതാണ് കമ്മിറ്റി. പട്ടിക ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ളതാണ്. ആ കമ്മിറ്റിയിലെ 450 പേരിൽ 312 പേരും ഒപ്പിട്ടു ചേർന്ന മീറ്റിംഗിൽ ഒരാളുടെ പോലും എതിർപ്പില്ലാതെ പാസാക്കിയ പേര് ജോസ് കെ. മാണിയുടെതാണ്.
എന്നാൽ, സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടാനുള്ള അധികാരം നിലവിൽ ചെയർമാന്റെ ചുമതല വഹിക്കുന്ന പി.ജെ. ജോസഫിനാണ്. അദ്ദേഹം അതിനു തയാറാകാതെ വന്നപ്പോൾ ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റിയിലെ നാലിലൊന്ന് പേരു ചേർന്ന് വർക്കിംഗ് ചെയർമാനു കത്ത് കൊടുത്തു. ചെയർമാനെ തെരഞ്ഞെടുക്കാൻ യോഗം വിളിക്കണം എന്നതായിരുന്നു ആവശ്യം.
വിളിച്ചില്ല. അപ്പോൾ ആ നാലിലൊന്നുപേർ ഒന്നിച്ചു ചേർന്നു യോഗം വിളിക്കാൻ ജനറൽ സെക്രട്ടറി ഒരാളെ തെരഞ്ഞെടുത്തു ചുമതലപ്പെടുത്തി.അദ്ദേഹമാണ് യോഗം വിളിച്ചത്. എല്ലാം നിയമപരമായാണുചെയ്തതെന്നാണ് ജോസ് കെ. മാണിയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ, മറുപക്ഷം ഇത് അംഗീകരിക്കുന്നില്ല. ഈ തർക്കം ഇനിയും നിയമയുദ്ധത്തിലേക്കു നീങ്ങാനാണു സാധ്യത.