തിരുവനന്തപുരം: കേരളത്തിൽ 12 പേർക്കുകൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കാസർഗോട്ട് ആറു പേർ, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ മൂന്നു പേർ എന്നിങ്ങനെയാണു രോഗം ബാധിച്ചവരുടെ കണക്ക്. ഇതോടെ കേരളത്തിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 52 ആയി.
കാസർഗോട്ടെ ഗോഗബാധിതരിൽ അഞ്ചുപേർ ജനറൽ ആശുപത്രിയിലാണു ചികിത്സയിൽ കഴിയുന്നത്. ഒരാൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു.
എറണാകുളത്തു രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണു ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച രോഗം ബാധിച്ചവരെല്ലാം ഗൾഫിൽനിന്നു വന്നവരാണെന്നു മുഖ്യമന്ത്രി അറിയിച്ചു.
53,103 ആളുകളാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 52,785 ആളുകൾ വീടുകളിലും 278 പേർ ആശുപത്രികളിലും കഴിയുന്നു. ശനിയാഴ്ച മാത്രം 70 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
3,718 സാന്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 2,566 സാന്പിളുകളിൽ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
നിരോധനാജ്ഞ പ്രഖ്യാപിക്കാൻ നിർബന്ധിതരാക്കരുത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വേറൊരു മാർഗവും സർക്കാരിനു മുന്നിലില്ലെന്നു മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സർക്കാർ പറയുന്നതോ അതിനു മുകളിലോ ഉള്ള നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നാണു ചിലർ ആഗ്രഹിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് വേറൊരു മാർഗവും സർക്കാരിനു മുന്നിലില്ല. ഇനിയും നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ രക്ഷയെ കരുതിയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാൻ സർക്കാർ നൽകുന്ന നിർദേശങ്ങൾ എല്ലാ ആരാധനാലയങ്ങൾക്കും ബാധകമാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു സർക്കാർ തയാറാകില്ല. ജില്ലാ ഭരണകൂടത്തിന്റെ സന്ദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.